സമുദ്രാതിര്‍ത്തി ലംഘിച്ച്‌ മത്സ്യബന്ധനം: 31 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പാകിസ്ഥാൻ : 5 ബോട്ടുകളും പിടികൂടി.

സമുദ്രാതിര്‍ത്തി ലംഘിച്ച്‌ മത്സ്യബന്ധനം: 31 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പാകിസ്ഥാൻ : 5 ബോട്ടുകളും പിടികൂടി.


ന്യൂഡല്‍ഹി: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച്‌ 31 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ പിടികൂടി.ഇവര്‍ മത്സ്യബന്ധനത്തിന് ഉപയോഗിച്ച 5 യാനകളും പാക് നാവികസേന പിടിച്ചെടുത്തു. നാവികസേനയുടെ പട്രോളിങ്ങിനിടെയാണ് മത്സ്യത്തൊഴിലാളികള്‍ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചതായി കണ്ടെത്തിയതെന്ന് പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. പാകിസ്താന്‍ നിയമവും അന്താരാഷ്ട്ര മാരിടൈം നിയമവും അനുസരിച്ചുള്ള തുടര്‍ നിയമനടപടികള്‍ക്കായി യാനങ്ങള്‍ കറാച്ചിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.

യു.എന്‍ നിയമം അനുസരിച്ച്‌ ഓരോ രാജ്യത്തിന്‍റെയും തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ ദൂരമാണ് സമുദ്രാതിര്‍ത്തിയായി നിര്‍വചിക്കപ്പെടുന്നത്. 12 നോട്ടിക്കല്‍ മൈല്‍ ഏകദേശം 22.5 കിലോമീറ്റര്‍ വരും. ഈ ദൂരപരിധിക്കുള്ളില്‍ മാത്രമാണ് മത്സ്യബന്ധന യാനങ്ങള്‍ക്കും തീര സംരക്ഷണസേനക്കും സഞ്ചരിക്കാന്‍ അനുവാദമുള്ളത്. ഇന്ത്യ-പാക് തടവുകാരുടെ കൈമാറ്റപ്പട്ടിക പ്രകാരം ഈ വര്‍ഷം ആദ്യം 51 സാധാരണക്കാരും 577 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ 628 ഇന്ത്യക്കാരാണ് പാകിസ്താനില്‍ തടവിലായത്. 282 സാധാരണക്കാരും 73 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ 355 പാകിസ്താന്‍ തടവുകാരെ ഇന്ത്യ കൈമാറിയിരുന്നു.