കർട്ടൻ ഉയരും മുൻപേ തിളങ്ങി സൗദി പവിലിയൻ

കർട്ടൻ ഉയരും മുൻപേ തിളങ്ങി സൗദി പവിലിയൻ


ദുബായ് ∙ എക്സ്പോ തുടങ്ങും മുൻപേ 3 റെക്കോർഡുകളുമായി സൗദിയുടെ രാജകീയ പവിലിയൻ. ലോകത്തിലെ ഏറ്റവും വലിയ എൽഇഡി സ്ക്രീൻ, ചർച്ചാ വേദി, ജലാശയക്കാഴ്ചകൾ എന്നിവയ്ക്കാണ് ഗിന്നസ് തിളക്കം. ആകാശത്തേക്കു തുറന്ന ജനാലയുടെ മാതൃകയിലുള്ള പവിലിയനിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.ഹരിത മാനദണ്ഡം പാലിച്ചു പൂർത്തിയാക്കിയ പവിലിയന് യുഎസ് ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ ലീഡ് പ്ലാറ്റിനം സർട്ടിഫിക്കറ്റും ലഭിച്ചു. 13,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 6 നില പവിലിയനിലെ നെടുനീളൻ സ്ക്രീനിൽ സൗദി കാഴ്ചകൾ കാണാം.3ഡി ദൃശ്യാനുഭവം നൽകുന്ന, അർധവൃത്താകൃതിയിലുള്ള സ്ക്രീനിലെ കാഴ്ചകളിലൂടെ സന്ദർശകർക്ക് പർവ്വതങ്ങൾ,  മരുഭൂമി, കടലാഴങ്ങൾ എന്നിവിടങ്ങളിലേക്കും പൈതൃകത്തനിമകളിലേക്കും യാത്ര ചെയ്യാം. അസിർ മേഖലയിലെ അൽ ബർദാനി താഴ് വര, തബൂക് മലനിരകൾ, ചെങ്കടൽ കാഴ്ചകൾ, യുനെസ്കോ പൈതൃക പട്ടികയിൽ ഇടംനേടിയ ദിരിയാഹ്, അൽ ഉല, ഹെയ്ൽ, അൽ അഹ്സ മേഖലകൾ  എന്നിവ സന്ദർശകർക്ക് പുതിയ അനുഭവമാകും.

മറ്റൊരു ദൃശ്യവിസ്മയമായ ചർച്ചാവേദിയിൽ 8,000 എൽഇഡി ലൈറ്റുകളുണ്ടാകും. 32 മീറ്റർ നീളത്തിലൊരുക്കിയ ജലാശയക്കാഴ്ചകൾ കടലാഴങ്ങളിലെ പവിഴക്കൊട്ടാരത്തിലേക്കും മറ്റും കൂട്ടിക്കൊണ്ടുപോകും. രാജ്യത്തു വർധിച്ചുവരുന്ന വിദേശനിക്ഷേപം, സാങ്കേതിക വിദ്യകൾ, വനിതാശാക്തീകരണം എന്നിവയെക്കുറിച്ചെല്ലാം അറിയാൻ അവസരമുണ്ട്. അപൂർവയിനം ഈന്തപ്പഴങ്ങൾ സഹിതം അറേബ്യൻ രുചിക്കൂട്ടുകളുടെ ലോകവും പവിലിയനിൽ പ്രതീക്ഷിക്കാം. അജ്‌വാ, സഗായി, ഖോദരി, മജ്ദൂൽ, സഫാവി, ഖലാസ്, സുക്കറി, ബർഹി, ഷിഷി, സാലിജ്, മബ്‌റൂം എന്നിവയാണ് സൗദിയിലെ പ്രമുഖയിനം ഈന്തപ്പഴങ്ങൾ.

ഈന്തപ്പഴപ്പെരുമ പലഹാരങ്ങളിലും കുടിയേറിക്കഴിഞ്ഞു. ഈന്തപ്പഴ ബിസ്‌ക്കറ്റ്, ചോക്‌ലറ്റ്, കേക്ക്, ഹൽവ എന്നിവ മുതൽ ജ്യൂസ് വരെ സന്ദർശകരെ കാത്തിരിക്കുന്നു. ഈന്തപ്പഴ  ഹൽവ,  ഈന്തപ്പഴ  പായസം,  ഈന്തപ്പഴം  വരട്ടിയത് തുടങ്ങിയവയുമായി  അറേബ്യൻ അടുക്കളയിലെ ഇന്ത്യൻ പാചകവിദഗ്ധരും അരങ്ങിലെത്തും.അറേബ്യൻ മസാലക്കൂട്ടുകൾ ചേർന്ന  സസ്യ, മത്സ്യ,  മാംസ വിഭവങ്ങൾ തുടങ്ങിയവയും ഉണ്ടാകും. അറബ് മേഖലയിലെ പാചകവിദഗ്ധരുടെ നേതൃത്വത്തിലുള്ള പാചകമേളകൾ വിവിധ ഘട്ടങ്ങളിലായി നടത്തിയിരുന്നു. ഇതിൽ മികവു തെളിയിച്ചവർക്ക് മേളയിൽ അവസരം ലഭിക്കും.