ഹോക്കി താരം പി.ആർ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ.

ഹോക്കി താരം പി.ആർ  ശ്രീജേഷിന്  രണ്ട് കോടി  രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ.


ടോക്കിയോയിൽ നടന്ന ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഹോക്കി താരം പിആർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. രണ്ട് കോടി രൂപയും ജോലിയിൽ സ്ഥാനക്കയറ്റവുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായാണ് സ്ഥാനക്കയറ്റം നൽകുക.

ശ്രീജേഷിന്റേത് വലിയ നേട്ടമാണെന്ന് പുരസ്കാരം പ്രഖ്യാപിച്ച മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ഒളിമ്പിക്സിൽ പങ്കെടുത്ത എട്ട് മലയാളികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

"രണ്ട് കോടി രൂപ പാരിതോഷികം നൽകാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹം നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലിചെയ്യുകയാണ്. ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്." മന്ത്രി പറഞ്ഞു.

ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാൻ വൈകുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ടാണ് വൈകുന്നതെന്ന് മുൻ കായിക വകുപ്പ് മന്ത്രി ഇപി ജയരാജൻ പറഞ്ഞിരുന്നു. പ്രഖ്യാപനം വൈകിപ്പിക്കുന്നതല്ലെന്നും നിരവധി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പാരിതോഷികം പ്രഖ്യാപിക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാരിതോഷികം പ്രഖ്യാപിക്കാത്തതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ശ്രീജേഷിന്റെ പ്രതികരണം.