കോവിഡ് പരിശോധന ഇനി വീട്ടില്‍ ചെയ്യാം; സൂപ്പര്‍ ടെസ്റ്റിങ് കിറ്റ് വരുന്നു

ഏവര്‍ക്കും വീടുകളില്‍വെച്ചുതന്നെ കോവിഡ് പരിശോധന നടത്താന്‍ കഴിയുന്ന സാഹചര്യമുണ്ടായാലോ.

കോവിഡ് പരിശോധന ഇനി വീട്ടില്‍ ചെയ്യാം; സൂപ്പര്‍ ടെസ്റ്റിങ് കിറ്റ് വരുന്നു


ന്യൂഡല്‍ഹി : കൊറോണയെ തുരത്താന്‍ ലോകമെങ്ങും കഠിന ശ്രമത്തിലാണ്. രോഗം സ്ഥിരീകരിച്ച്‌ ആറു മാസം കഴിയുമ്പോഴും കാര്യമായ മരുന്നോ വാക്‌സിനോ കണ്ടെത്താന്‍ ആരോഗ്യ വിദഗ്ധര്‍ക്ക് കഴിഞ്ഞിട്ടില്ല. പരിശോധനാ രീതിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും വിലകൂടിയ പരിശോധനയും പരിശോധനാ ഫലത്തിലെ താമസവുമെല്ലാം കോവിഡ് പ്രതിരോധത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

വിലകുറഞ്ഞ പരിശോധനാ കിറ്റ്. അതിവേഗ പരിശോധനാ ഫലം. കൂടുതല്‍ പരിശോധന. എന്ന നിലയിലേക്ക് മാറാന്‍ കഴിഞ്ഞാല്‍ കോവിഡ് വ്യാപനം ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആര്‍ടി പിസിആര്‍, ആന്റിജന്‍, ആന്റിബോഡി, ട്രൂനാറ്റ് തുടങ്ങിയവയാണ് നിലവില്‍ കോവിഡ് കണ്ടെത്താന്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

വാർത്തകൾ വേഗത്തിൽ വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവയില്‍ ആര്‍ടി പിസിആര്‍ ആണ് കൂടുതല്‍ കൃത്യത നല്‍കുന്നതെങ്കിലും പരിശോധനാ ഫലം ലഭിക്കാന്‍ താമസമെടുക്കുന്നതിനാലും വിലകൂടിയ പരിശോധനയാണെന്നതിനാലും മറ്റു മാര്‍ഗങ്ങള്‍ കൂടുതലായി അവലംബിക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ ഏവര്‍ക്കും വീടുകളില്‍വെച്ചുതന്നെ കോവിഡ് പരിശോധന നടത്താന്‍ കഴിയുന്ന സാഹചര്യമുണ്ടായാലോ? കാര്യങ്ങളെല്ലാം നേര്‍വഴിക്ക് നീങ്ങുകയാണെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അത്തരമൊരു പരിശോധനാ സംവിധാനത്തിന് അംഗീകാരം ലഭിച്ചേക്കാം. അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ മിക്കേല്‍ മിനയും ലോറന്‍സ് ജെ കോട്‌ലിക്കോഫും ചേര്‍ന്ന് രൂപപ്പെടുത്തിയ പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തുമെന്നാണ് സൂചന.

ഗര്‍ഭനിര്‍ണയ പരിശോധനാ കിറ്റുപോലെ ഏതൊരാള്‍ക്കും എളുപ്പം ഉപയോഗിക്കാവുന്നതാണിത്. ചെറിയ മരുന്നുകുപ്പിയില്‍ തുപ്പിയ ശേഷമാണ് പരിശോധന. ഒരുതവണ പരിശോധിക്കുന്ന കിറ്റിന് അമേരിക്കയില്‍ ഒന്നുമുതല്‍ അഞ്ചുവരെ ഡോളര്‍ ആണ് ഏകദേശ വില ഈടാക്കുക. ഇന്ത്യയിലെത്തുകയാണെങ്കില്‍ അത് 50 രൂപയിലും താഴെ എത്തിയേക്കും. പരിശോധനാ കിറ്റ് യാഥാര്‍ഥ്യമായാല്‍ രോഗപ്പകര്‍ച്ച അതിവേഗം തടഞ്ഞുനിര്‍ത്താനാകുമെന്നാണ് നിഗമനം.

കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന് മുന്‍പും, മുതിര്‍ന്നവര്‍ ജോലി സ്ഥലത്തേക്ക് പോകുന്നതിന് മുന്‍പുമെല്ലാം ദിവസവും ഇത് ഉപയോഗിച്ച്‌ പരിശോധിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ എന്തെളുപ്പമാകും. മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയുന്നതിനൊപ്പം നേരത്തെ രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കാനും ഇതുവഴി സാധിക്കും. ഈ പരിശോധനയ്ക്ക് 100 ശതമാനം കൃത്യതയുണ്ടാകില്ലെങ്കിലും അതിവേഗ പരിശോധനാ ഫലവും തുടര്‍ച്ചയായി പരിശോധിക്കാമെന്നതും നേട്ടമായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഈ രീതിയില്‍ പരിശോധന വ്യാപകമാവുകയാണെങ്കില്‍ കോവിഡിനെതിരായ വലിയ വിജയമാകും അതെന്ന് ഉറപ്പാണ്.