മഹീന്ദ രാജപക്‌സെയുടെ അവസരപട്ടാഭിഷേകം

മനു മോഹനൻ, സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ

മഹീന്ദ രാജപക്‌സെയുടെ അവസരപട്ടാഭിഷേകം


കോറോണയുടെയും രാമക്ഷേത്ര ശിലാസ്ഥാപനത്തിൻറെയും പ്രളയത്തിന്റെയുമൊക്കെ  കുത്തൊഴുക്കിൽപെട്ട് തമസ്കരിക്കപെട്ടുപോയ വർത്തമാനങ്ങൾ ഏറെയുണ്ടെങ്കിലും, ഭാരതീയ ജനത എന്നും ആകാംഷയോടെ നോക്കിക്കാണുന്ന, ഒരു പരിധിവരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തന്നെ ആഭ്യന്തര പ്രതിരോധ പ്രവർത്തനങ്ങളെ തന്നെ പരോക്ഷമായി ബാധിക്കുന്ന എന്നാൽ അധികമാരും ശ്രദ്ധിക്കാതെപോയ ഒരു വർത്തമാനത്തെ കുറിച്ച് ഇന്നെങ്കിലും പറഞ്ഞില്ലെങ്കിൽ അതൊരു മനസ്താപമായി കിടക്കുമെന്നു തോന്നിയത് കൊണ്ടാണ് ഇതെഴുതുന്നത്. കോറോണയ്ക്കും പ്രളയത്തിനുമിടയിൽ 'ഇതിയാണിതെന്തിന്റെ കേടാ' എന്നുള്ള ചോദ്യം മുതൽ സാമാന്യം മോശമല്ലാത്ത 'പൊങ്കാല' തന്നെ പ്രതീക്ഷിച്ചു കൊണ്ട് പറഞ്ഞു തുടങ്ങട്ടെ.

മേല്പറഞ്ഞപടി ശ്രീലങ്കൻ തിരഞ്ഞെടുപ്പ് നിലവിൽവന്ന കാലം മുതൽക്കേ ഇന്ത്യൻ ജനത വിശിഷ്യാ തമിഴനും മലയാളിയുമുൾപ്പെടുന്ന ദക്ഷിണേന്ത്യൻജനത വളരെ കൗതുകത്തോടെയും ആകാംഷയോടെയും വിധിക്കാതിരിക്കുന്ന കാര്യമാണെന്നുള്ളത് രണ്ടയിരത്തി പതിനഞ്ചാമത് ആണ്ടത്തെ ലങ്കൻ പാർലമെൻറ് തിരഞ്ഞെടുപ്പ് ഫലപ്രസിദ്ധീകരണ സമയത്തെ ടിപിആർ മാത്രം നോക്കിയാൽ മതിയല്ലോ. എന്നാൽ ഇത്തവണ വലിയ കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ തന്നെ തിരഞ്ഞെടുപ്പ് പ്രഹേളികകൾ അവസാനിപ്പിച്ച് ഫലവും പുറത്തു വന്നു കഴിഞ്ഞു. പല രാഷ്ട്രീയ വിചക്ഷണവിദഗ്ധന്മാർ പോലും ഫലം പുറത്തുവന്നതിന് ശേഷമാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ വിവരം അറിഞ്ഞതെന്ന് വാസ്തവം. കൊറോണ മഹാമാരി തീർത്ത മറപിടിച്ച ചൈനീസ് കുതന്ത്രങ്ങളുടെ ഒത്താശയോടെ നാലാം തവണയും സർവ്വശ്രീ മഹിന്ദ രജപക്സെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നുള്ളത് വളരെ കൗതുകത്തോടെയാണ് ഞാൻ വായിച്ചതെന്നു പറയട്ടെ. ഇത്രയും കെടുകാര്യസ്ഥതയുള്ള ഒരു ഭരണകൂടത്തെയാണോ ശ്രീലങ്ക പോലൊരു രാജ്യം വീണ്ടും വീണ്ടും ആഗ്രഹിക്കുന്നതെന്ന് കൗതുകം തോന്നുകയുണ്ടായി.

പ്രഥമദൃഷ്ട്യാ ശ്രീലങ്കൻ തിരഞ്ഞെടുപ്പ് വേറേതൊരു രാജ്യത്തെയും തിരഞ്ഞെടുപ്പ് പോലെയല്ലേ ഉള്ളു എന്ന് നമ്മളിൽ പലർക്കും സ്വാഭാവികമായ തോന്നിയേക്കാമെങ്കിലും, ശ്രീലങ്കയുടെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ് ലങ്കൻ തിരഞ്ഞെടുപ്പ് ഇത്രയേറെ തന്ത്രപ്രധാനമാവുന്നതും ലോകമാധ്യമ ശ്രദ്ധയാകര്ഷിക്കുന്നതും. സർവോപരി ഇന്ത്യൻ പ്രതിരോധ വിന്യാസങ്ങളിൽ ചെറുതല്ലാത്ത മാറ്റങ്ങൾക്ക് കരണമാവുന്നതും. കുറച്ച കൂടി വ്യക്തമായി പറഞ്ഞാൽ ലങ്കൻ അധികാര കേന്ദ്രങ്ങളുടെ വിശിഷ്യാ പ്രധാന മന്ത്രിമാരുടെ ഇന്ത്യൻ ഭരണകേന്ദ്രങ്ങളോടുള്ള പ്രതിപത്തിയും വിപ്രതിപത്തിയും അതെ സമയം ചൈനീസ് ഭരണകൂടത്തോടുള്ള 'നട്ടെല്ലില്ലാ നയവുംചെറുതല്ലാത്ത തലവേദനയാണ് നമ്മുടെ പ്രതിരോധ സംവിധാനങ്ങൾക്കുണ്ടാക്കി വെക്കുന്നത് എന്ന് പറയാതെ വയ്യ.

ഇക്കൂട്ടരിൽ ചൈനയോട് റബ്ബർ നട്ടെല്ലോടെയെങ്കിലും ഭരണം നിർവഹിക്കുന്നവരാണ് യുണൈറ്റഡ് നാഷണൽ പാർട്ടി, റനിൽ വിക്രമസിംഗെയുടെ ഭരണകാലത്തു മാത്രമാണ് ഇന്ത്യയോട് അനുഭാവപൂർണമായ നിലപാടുണ്ടായിരുന്നതെന്നു ചരിത്രം. മാഹിന്ദാരാജപക്ഷെയുടെ ശ്രീലങ്കൻ പൊതുജന പെരുമയുടെ വർത്തമാനകാല നേതാക്കളൊക്കെ തന്നെ ചൈനീസ് ഭരണകൂടത്തിൻറെ കളിപ്പാവകളാവുന്നതു ലോകരാജ്യങ്ങൾ തന്നെ സാക്ഷിയായിട്ടുണ്ട്. ശ്രീലങ്കയുടെ തന്ത്രപ്രധാനമായ ഹമ്പന്തോട്ട തുറമുഖ പദ്ധതിയും സിവിൽ ഏവിയേഷൻ്റെ നിയന്ത്രണത്തിലിരുന്ന ഹമ്പന്തോട്ട വിമാനത്താവളവും പൂർണമായും ചൈന സർക്കറിന് തീറെഴുതി വെച്ചത് ആ നട്ടെല്ലില്ലാഖയ്മയുടെ ഏറ്റവും പുതിയ ഉദാഹരണമായി മുൻപിൽ നിൽക്കുമ്പോൾ പുതിയ ഭരണമാറ്റം ഇന്ത്യൻ ഭരണകൂടത്തെ സംബന്ധിച്ച ശുഭ പ്രതീക്ഷയുടെ ഒരു വാർത്തയും തരുന്നില്ല എന്ന് ചുരുക്കം. സർവ്വശ്രീ രാജപക്സെയും ശിങ്കിടികളും ചേർന്ന് രാജ്യം ചൈനയ്ക് വിട്ടിട്ടില്ലെങ്കിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പിലെങ്കിലും ശ്രീലങ്കൻ ജനതയ്ക്കു നല്ല ബുദ്ധി തോന്നാൻ സർവേശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് ഇന്നത്തേക്ക് വിട.

 

(സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും, സ്വതന്ത്ര സാമൂഹിക മനഃശാസ്ത്ര വിദഗ്ദ്ധനുമാണ്   ലേഖകൻ)