യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്.

യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്.


വൈപ്പിന്‍: കാളമുക്ക് ഫിഷിങ് ഹാര്‍ബറില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി മുളവുകാട് പൊലീസ്. പുതുവൈപ്പ് വില്ലേജില്‍ തെക്കന്‍ മാലിപ്പുറം മുസ്ലിം പള്ളിക്ക് സമീപം ഐനിപറമ്ബില്‍ റൈജോ (32) ആണ് പിടിയിലായത്.  ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രതി കാളമുക്കില്‍ മീന്‍ തട്ട് നടത്തുകയാണ്. കുത്തേറ്റ യുവാവിന്റെ ഭാര്യയെ ഫോണ്‍ വിളിച്ച്‌ ശല്യം ചെയ്തതിന്‍റെ പേരിലുണ്ടായ വാക്കു തര്‍ക്കത്തിനൊടുവിലാണ് മീന്‍ മുറിക്കുന്ന കത്തി ഉപയോഗിച്ച്‌ ഇയാള്‍ യുവാവിന്‍റെ നെഞ്ചിന് താഴെ കുത്തിയത്. തുടര്‍ന്ന് വാഹനത്തില്‍ രക്ഷപ്പെട്ട പ്രതിയെ പൊലീസ് തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു. ആഴത്തില്‍ കുത്തേറ്റ യുവാവിനെ ഉടന്‍ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.