എക്വറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ക്ക് ഒടുവില്‍ ആശ്വാസം.

എക്വറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ക്ക് ഒടുവില്‍ ആശ്വാസം.


ന്യൂഡല്‍ഹി: എക്വറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ക്ക് ഒടുവില്‍ ആശ്വാസം. ഏകദേശം പതിനൊന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും ലഭിച്ചു. കപ്പല്‍ ജീവനക്കാര്‍ക്ക് ഇന്ത്യന്‍ എംബസി അധികൃതരെത്തിച്ച വെള്ളവും ഭക്ഷണവും ഗിനി നേവി കൈമാറി. 10 മണിക്കൂറിലേറെയായി ഭക്ഷണമോ വെള്ളമോ സൈന്യം നല്‍കിയിരുന്നില്ല. ഒടുവില്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ ആണ് കപ്പല്‍ ജീവനക്കാര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചത്. ഇത് കൈമാറിയെങ്കിലും ജീവനക്കാരെ കാണാന്‍ എംബസി അധികൃതരെ സൈന്യം അനുവദിച്ചില്ല.

അതിനിടെ, എക്വറ്റോറിയല്‍ ഗിനിയയില്‍ തടവിലാക്കപ്പെട്ട ഹീറോയിക് ഇഡുന്‍ കപ്പലിലെ മലയാളി ചീഫ് ഓഫീസര്‍ സനു ജോസ് അടക്കമുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം പി കേന്ദ്ര സര്‍ക്കാര്‍ നേതൃത്വത്തിന് കത്ത് നല്‍കി. കേന്ദ്ര തുറമുഖ-ഷിപ്പിംഗ്- ജല ഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സെനോവാളിനാണ് രാഹുല്‍ കത്ത് അയച്ചത്. 

2022 ഓഗസ്റ്റ് മുതല്‍ ഹീറോയിക് ഇടുന്‍ കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസ് അടക്കമുള്ള ക്രൂ അംഗങ്ങളെ എക്വറ്റോറിയല്‍ ഗിനിയയില്‍ തടവിലാക്കിയിരിക്കുകയാണ്. സനു ജോസിന്റെ മോചനത്തിനായി അമ്മ ലീല ജോസ് അപേക്ഷ സര്‍പ്പിച്ചിട്ടുണ്ട്. ലീല ജോസിന്റെ അപ്പീല്‍ പരിഗണിക്കണം. അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള ഇന്ത്യയുടെ ബാധ്യതകള്‍ക്കനുസൃതമായി സനു ജോസ് അടക്കമുള്ള പൗരന്മാരെ തിരികെയെത്തിക്കാന്‍ ഉചിതമായ നടപടികള്‍ എത്രയും വേഗത്തില്‍ ആരംഭിക്കണമെന്നും രാഹുല്‍ ഗാന്ധി എം പി കത്തില്‍ ആവശ്യപ്പെട്ടു.