വാഹന ഇന്‍ഷുറന്‍സ് രംഗത്ത് വിപ്ലവകരമായ പുതിയ മാറ്റങ്ങള്‍ നടപ്പാക്കാനൊരുങ്ങി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ.
വാഹന ഇന്‍ഷുറന്‍സ് രംഗത്ത് വിപ്ലവകരമായ പുതിയ മാറ്റങ്ങള്‍ നടപ്പാക്കാനൊരുങ്ങി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ . വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക ഈടാക്കുന്ന ഇന്‍ഷുറന്‍സ് ആഡ് ഓണുകള്‍ പുറത്തിറക്കാന്‍ കമ്ബനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അനുമതി നല്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓണ്‍ ഡാമേജ് (ഒഡി) കവറേജില്‍ ടെക്നോളജി അധിഷ്ഠിതമായി പ്രീമിയം നിര്‍ണയിക്കാനാണ് ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്ക് അനുമതി. വാഹന ഇന്‍ഷുറന്‍സ് രംഗത്ത് സാങ്കേതികവിദ്യ ഉള്‍പ്പെടുത്താനുള്ള നടപടികളുടെ ആദ്യപടിയാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.പുതിയ നീക്കം അനുസരിച്ച് വാഹനം സഞ്ചരിക്കുന്ന ദൂരം, ഡ്രൈവിംഗ് രീതി എന്നിവയ്ക്ക് അനുസരിച്ചാണ് പ്രീമിയം നിശ്ചയിക്കുക. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാര്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവ ഒന്നിച്ച് ഇന്‍ഷുര്‍ ചെയ്യുന്നതിനും(ഫ്ലോട്ടര്‍ ഇന്‍ഷുറന്‍സ്) അനുമതി നല്കി. അതായത്, കാര്‍ ഉപയോഗം വളരെ കുറവുള്ളവരും വളരെ കൂടുതലുള്ളവരും ഒരേ നിരക്കില്‍ പ്രീമിയം അടയ്ക്കുന്ന രീതിയുടെ അശാസ്ത്രീയത കണക്കിലെടുത്താണ് ഈ പോളിസികള്‍. ഉപയോക്താക്കളുടെ ഉപയോഗത്തിനനുസരിച്ച് ഇന്‍ഷുറന്‍സ് തുകയടക്കാന്‍ അനുവദിക്കുന്നതാണ് എത്രദൂരം വാഹനം ഓടിക്കുന്നു എന്ന ഓപ്ഷന്. അടുത്ത ഒരു വര്‍ഷം കാര്‍ എത്ര ദൂരം ഓടും എന്ന് ഉടമ വ്യക്തമാക്കണം.
അതനുസരിച്ച് പ്രീമിയം നിര്‍ണയിക്കപ്പെടും. മാസം 300 കി.മീ വാഹനം ഓടിക്കുന്നയാളും1500 കി.മീ വാഹനം ഓടിക്കുന്നയാളും ഒരേ പ്രീമിയം അടയ്ക്കേണ്ടി വരില്ല എന്നര്‍ഥം. ഓരോ വാഹന ഉടമക്കും സ്വന്തം ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഇന്‍ഷുറന്‍സ് എടുക്കാം. ആദ്യം തീരുമാനിക്കപ്പെടുന്ന കിലോമീറ്റര്‍ കഴിഞ്ഞുപോയാല്‍, കൂടുതല്‍ പ്രീമിയം അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. ജിപിഎസ് സാങ്കേതിക വിദ്യ അടക്കം ഉപയോഗിച്ചാകും ഇന്‍ഷുറന്‍സ് കമ്ബനികള്‍ വാഹന ഉപയോഗം നിരീക്ഷിക്കുക.
എങ്ങനെ വാഹനം ഓടിക്കുന്നു എന്ന ഓപ്ഷന് ഉടമയുടെ ഡ്രൈവിംഗ് സ്വഭാവത്തെ ആശ്രയിച്ചിരിക്കും. വേഗതയും ഉപയോഗവും മറ്റ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് ഉപഭോക്താക്കള്‍ക്ക് അവരുടെ ഡ്രൈവിംഗ് ട്രാക്ക് ചെയ്യാനുള്ള ഒരു ഓപ്ഷന് ഉണ്ടായിരിക്കും. ഇവയെല്ലാം പരിശോധിച്ച് ഇന്‍ഷുറന്‍സ് കമ്ബനിക്ക് ഒരു മോട്ടോര്‍ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യാന്‍ കഴിയും. അപകടസാധ്യത കണക്കിലെടുത്ത് വാഹന ഉടമകള്‍ക്ക് പ്രീമിയം തെരഞ്ഞെടുക്കാം. ഒന്നിലധികം വാഹനങ്ങളുള്ളവര്‍ക്ക് ഒറ്റ പോളിസി എന്ന നയവും നടപ്പിലാക്കാനൊരുങ്ങുകയാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി. ഒരു വ്യക്തിയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇരു ചക്രവാഹനങ്ങള്‍ക്കും സ്വകാര്യ കാറുകള്‍ക്കും ഒരുമിച്ച് ഇന്‍ഷുറന്‍സ് ലഭിക്കുന്ന ഫ്ലോട്ടര്‍ പോളിസികള്‍ നല്‍കാനും ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു.