കാറില്‍ ചാരി നിന്നതിന്റെ പേരില്‍ ആറ് വയസ്സുകാരനെ ചവിട്ടി വീഴ്ത്തിയ തലശ്ശേരി സ്വദേശി മുഹമ്മദ് ഷിഹാദിന്റെ ലൈസന്‍സ് റദ്ദാക്കും.
കണ്ണൂര്‍: കാറില്‍ ചാരി നിന്നതിന്റെ പേരില്‍ ആറ് വയസ്സുകാരനെ ചവിട്ടി വീഴ്ത്തിയ തലശ്ശേരി സ്വദേശി മുഹമ്മദ് ഷിഹാദിന്റെ ലൈസന്‍സ് റദ്ദാക്കും. എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒയുടേതാണ് പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷിഹാദിന് നോട്ടീസ് നല്കി. അതേസമയം, സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയോയെന്ന പരിശോധന തുടങ്ങി. വ്യാഴാഴ്ച രാത്രി സംഭവം നടന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. ഇതില്‍ തലശ്ശേരി പോലീസിന് സംഭവിച്ച വീഴ്ചയാണ് എ.എസ്.പി നിഥിന് രാജ് അന്വേഷിക്കുക.
സ്റ്റേഷന് ഹൗസ് ഓഫീസര്‍, എസ്.ഐ അടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുക്കും. അക്രമത്തിനിരയായ കുട്ടിയിപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. കുട്ടിയെ തൊഴിച്ച മുഹമ്മദ് ഷിഹാദിനെ കോടതി ഇന്നലെ പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.