ചരിത്രാന്വേഷണം :നായർ പടയാളികൾ

തൊഴിലായിരുന്നില്ല സൈനിക വൃത്തി - ജാതി വ്യവസ്ഥയുടെ പ്രത്യേകതകളാൽ ആയുധപരിശീലനവും സൈനിക വൃത്തിയും ചില പ്രത്യേക വിഭാഗങ്ങൾക്കായി മാത്രം മാറ്റിവയ്ക്കപ്പെട്ടിരുന്നു

ചരിത്രാന്വേഷണം :നായർ പടയാളികൾ


നായർ പടയാളികൾ
-------------------------------
അറിയപ്പെടുന്ന ചരിത്ര കാലങ്ങളിൽ കേരളത്തിൽ ഏവർക്കും ചെയ്യാവുന്ന തൊഴിലായിരുന്നില്ല സൈനിക വൃത്തി -
ജാതി വ്യവസ്ഥയുടെ പ്രത്യേകതകളാൽ ആയുധപരിശീലനവും സൈനിക വൃത്തിയും ചില പ്രത്യേക വിഭാഗങ്ങൾക്കായി മാത്രം മാറ്റിവയ്ക്കപ്പെട്ടിരുന്നു. സിറിയൻ ക്രിസ്ത്യാനികളുടെ ഒരു സൈന്യം കൊച്ചീരാജാവിനു കീഴിൽ ഉണ്ടായിരുന്നു എന്ന് പ്രസ്താവിക്കപ്പെടുന്നുണ്ടെങ്കിലും ,നായർ സേനക്ക് ഒപ്പ മോ, തനിച്ചോ ഏതെങ്കിലും യുദ്ധത്തിൽ അവർ പങ്കെടുത്തതായായി വിവരങ്ങൾ ലഭ്യമല്ല. ആയുധ പരിശീലനവും, ആയുധങ്ങൾ കൈവശം സൂക്ഷിക്കാനുള്ള അവകാശവും അവർക്ക് ലഭിച്ചിരുന്നിരിക്കാം, സഞ്ചാരിയായ "ബാർ ബോസ ഈഴവരായ ആയുധ അഭ്യാസികളെ കുറിച്ച് പറയുന്നുണ്ട്- അവരാകട്ടെ അങ്കച്ചേകവൻമാരായിരുന്നു.
അവർ പണം വാങ്ങി ഒരു പ്രശ്നത്തിന് തീർപ്പ് കൽപ്പിക്കാൻ വാടകക്കെടുത്തിരുന്ന പോരാളികൾ ആയിരുന്നു.എന്നാൽ ശിപായി മാരുടെ പകുതി ശമ്പളം പറ്റുന്ന ചില സേവനങ്ങൾ ചെയ്യുന്ന ഈഴവരെ കുറിച്ച് ,വിഷർ പാതിരിയും, ബാർത്ത ലോമിയോവും പറയുന്നുണ്ട്. ഡച്ചു ഗവർണ്ണറായിരുന്ന വാൻ മോയൻസിൻ്റെ മെമ്മോറാണ്ടത്തിലും, 'തലശ്ശേരി കൺസൾട്ടേഷൻ രേഖകളിലും ഇതിനെ കുറിച്ച് ചില പരാമർശങ്ങളുണ്ടെന്നതൊഴിച്ചാൽ ,നായൻമാരോടൊപ്പം അവരെ നിർത്തി യുദ്ധം നടത്തി ജാതി തീണ്ടൽ ലംഘിക്കാൻ ഒരു രാജാവിനും കഴിയുമായിരുന്നില്ല.

കോഴിക്കോട് സാമൂതിരിയുടെ പ്രതാപത്തിനും, പിൻബലത്തിനും പിന്നിൽ മുഹമ്മദീയ ജനതയായിരുന്നെങ്കിലും - നാവിക പ്രവർത്തനങ്ങളിലൊഴിച്ച് യുദ്ധവുമായി അവർക്കും കാര്യമായ ബന്ധമില്ലായിരുന്നു. കേരളത്തിൻ്റെ യുദ്ധ ബലവും സേനാ ബലവും നായൻമാരിൽ മാത്രം കേന്ദ്രീകരിച്ചിരുന്നു എന്നതായിരുന്നു വാസ്തവം -

മാർത്താണ്ഡവർമ്മക്കു മുമ്പ് (1750) കേരളത്തിലെ രാജാക്കന്മാർ സ്ഥിരം സൈനുത്തെ നില നിർത്തുന്ന രീതിയുണ്ടായിരുന്നില്ല' നാട്ടിലെ നായൻമാരത്രയും കളരികളിൽ പരിശീലനം സിദ്ധിച്ചവരാണെങ്കിലും രാജാവിനാൽ തിരഞ്ഞെടുക്കപ്പെടുന്നവരാണ് യോദ്ധാക്കളായി സൈനുത്തിൽ അംഗങ്ങൾ ആകുന്നത് '
യുദ്ധസമയത്തു മാത്രമാണ് നിത്യ ശമ്പളവും ഭക്ഷണവും അവർക്കു ലഭിച്ചിരുന്നത് '
പേരിന് പടയാളികൾ എന്നു വിളിച്ചിരുന്നെങ്കിലും ചരിത്രത്തിൽ ഇവരുടെ യുദ്ധങ്ങൾ ഒട്ടുമുക്കാലും വൻ പരാജയങ്ങളായിരുന്നു എന്നതാണ് മറ്റൊരു വസ്തുത -
ബാല്യത്തിൽ തന്നെ ഉഴിച്ചിലും പിഴിച്ചിലും കായി കാഭ്യാസവും മെയ് വഴക്കവും, ആയുധ വഴക്കവും ലഭിച്ച ഇവർ 'ഒറ്റയായ് നോക്കുമ്പോൾ തികഞ്ഞ യോദ്ധാക്കൾ തന്നെയായിരുന്നു. അവരുടെ വെട്ടും തടയും നീക്കങ്ങളും സർക്കസ്സിൽ അവതരിപ്പിച്ചാൽ മികച്ച ചെർഫോമൻസ് ആയിരിക്കുമെങ്കിലും ' ഒരു സംഘടിത സൈന്യത്തിന് അവർ യോജിച്ചവരായിരുന്നില്ല. മാത്രവുമല്ല, ഒരു സംഘടിത കൂട്ട് പ്രവർത്തനത്തിനു തീരെ കൊള്ളാത്ത ഒറ്റയാൻ ഭാവം നായർ യോദ്ധാക്കളുടെ സ്വഭാവത്തിൽ അലിഞ്ഞു ചേർന്നിരുന്നു.

വാർത്തകൾ വേഗത്തിൽ വാട്സാപ്പ്ൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


യൂറോപ്യൻ സൈനിക പരിശീലനവും മികച്ച യൂണിഫോറം വും ലഭിച്ചിട്ടും ,സ്ഥിര സൈന്യമായി മാറിയതിനു ശേഷവും ,വിദേശീയരുമായുള്ള സൈനിക സംഘട്ടനങ്ങളിലെല്ലാം പിൻതിരിഞ്ഞ് പാഞ്ഞത് അവരുടെ ഈ പരമ്പരാഗത ശിക്ഷണത്തിൻ്റെ പ്രശ്നമായിരിക്കും എന്ന് ചരിത്രകാരനായ പത്മനാഭ മേനോൻ നിരീക്ഷിക്കുന്നുണ്ട്. സ്ഥിര സൈന്യമായി അര ശതാബ്ദക്കാലം പ്രവർത്തിച്ച നായർ സൈന്യം അവസാനമായി ഇടപെട്ട യുദ്ധം വേലുത്തമ്പി ദളവയുടെ കലാപമായിരുന്നു.1808 ലെ ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ നല്ല രീതിയിൽ ശിക്ഷണം ലഭിച്ചവരായിട്ടു കൂടി - അൽപ നേരം പോലും ബ്രിട്ടീഷ് സേനയെ ചെറുത്തു നിൽക്കാനോ ഒരുത്തനെയെങ്കിലും കൊല്ലാനോ നായർ സേനക്ക് കഴിഞ്ഞില്ല, എന്നത് ആ സൈന്യം എത്രമാത്രം ദുർബ്ബലമായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്-
ബ്രിട്ടീഷ് സൈന്യത്തെ ആ യുദ്ധത്തിൽ നയിച്ച കേണൽ "വെൽഷ് നായർ പടയാളികളുമായുണ്ടായ യുദ്ധത്തെ വിവരിക്കുന്നത് ഇപ്രകാരമാണ് -
-" അവരുടെ അവസാന യുദ്ധം എത്ര നാണം കെട്ടതായിരുന്നു. നല്ല യൂണിഫോം ധരിച്ചിരുന്നവരും ഒന്നാം കിട ആയുധങ്ങളണിഞ്ഞവരും ഓരോ ഇഞ്ചു ഭൂമിയും തിരിഞ്ഞു നിന്നു സംരക്ഷിക്കാവുന്ന ഭൂപ്രകൃതിയുള്ള ഒരു പ്രദേശത്തു നില സ്വീകരിച്ചിരുന്നവരും ആയിരുന്നിട്ടും ഇത്ര ഭീരുത്വം കാണിച്ച ഒരു സംഘത്തെ വേറെ ഞാൻ കണ്ടിട്ടില്ല, യോദ്ധാക്കൾ എന്ന പേരു പോലും അവർ അർഹിക്കുന്നില്ല - "


1790-ൽ നെടുങ്കോട്ട സംരക്ഷിക്കാൻ വന്ന രാജാ കേശവദാസൻ്റെ നായർ സൈന്യവും മൈസൂർ സേനയുടെ ആക്രമണത്തിൽ ചിതറി ഓടുകയാണുണ്ടായത്.
സർദാർ - കെ-എം .പണിക്കർ ഇതിനെ കുറിച്ച് പറയുന്നുണ്ട് '
"-മൈസൂർ സേനക്ക് കാര്യമായ ഒരു എതിർപ്പും നേരിട്ടില്ല, തിരുവിതാംകൂർ സേന നേരത്തേ കാണിച്ച ധീരതയുടെ സ്ഥാനത്തു ഭീരുത്വം പ്രത്യക്ഷപ്പെട്ടു.----
എന്നാൽ ആ രംഗം നേരിൽ കണ്ട മദ്രാസ് ഗവർൺമെൻ്റ്റിൻ്റെ പ്രതിപുരുഷൻ മി. പൗണി കണ്ട കാഴ്ച്ച ഇങ്ങിനെയാണ് റിപ്പോർട്ട് ചെയ്തത്.

" ഇങ്ങിനെ ഒരോട്ടം ഒരിക്കലും ഒരിടത്തുമുണ്ടായി കാണില്ല - "

ഒറ്റക്കൊറ്റക്ക് അഭ്യാസം നടത്തുന്നതിൽ കേമൻമാരായ നായർ പടയാളികൾ സൈന്യമായി നിന്ന് യുദ്ധം ചെയ്യുമ്പോഴെല്ലാം ഈ പ്രശ്നം അവരെ നേരിട്ടിരുന്നു.
രാജാക്കൻമാരുടെ നായർ പടയാളികൾ തമ്മിലുള്ള യുദ്ധത്തിൽ അവർ പരസ്പരം പോരാടിയിരുന്നു. അവരുടെ യുദ്ധ രീതി മൈസൂരിൽ നിന്ന് വന്ന സൈനികർക്കും ബ്രിട്ടീഷ്കാർക്കും തമാശ പോലെയാണ് തോന്നിയത്.
പാലക്കാട്ട് രാജാവിനെ കിടുകിടെ വിറപ്പിച്ച സാമൂതിരിയുടെ നായർ പട "മക്ഡും ആലിയുടെ 4000 ത്തോളം വരുന്ന മൈസൂർ സൈന്യം രംഗപ്രവേശം ചെയ്തപ്പോൾ പിന്തിരിഞ്ഞോടിയതും, നായർ പടയെ പിന്തുടരാൻ തുടങ്ങിയപ്പോൾ സാമൂതിരി ദൂതൻമാർ വഴി കപ്പം വാഗ്ദാനം നടത്തി തടി കേടാവാതെ നാട്ടിലെത്തിയതുമെല്ലാം ചരിത്ര വസ്തുതകളാണ് -
1766-ൽ ഒരു പുഴയുടെ മറുകരയിൽ 'ഹൈദ്രാലിയുടെ സേന പുഴ കടക്കുന്നതിന് മറുകരയിൽ നിന്ന് ചില്ലറ തടസ്സങ്ങൾ സൃഷ്ടിച്ചു എന്നതൊഴിച്ചാൽ ഒരിക്കൽ പോലും നായർ യോദ്ധാക്കൾ തനിച്ച് മൈസൂർ സേനയുമായി യുദ്ധം ചെയ്യുകയുണ്ടായിട്ടില്ല.
മൈസൂരും ബ്രിട്ടീഷുകാരും തമ്മിൽ യുദ്ധമുണ്ടായ സന്ദർഭത്തിൽ കാടുകളിൽ നിന്ന് നാട്ടിലെത്തി കലാപമുണ്ടാക്കിയത് ധീരമായ പ്രവൃത്തിയാണെങ്കിൽ കൂടിയും അതൊന്നും സംഘടിത യുദ്ധമാകുകയില്ലല്ലോ -
പക്ഷേ അതിലേറെ വിഷമകരമായ മറ്റൊരു സംഗതി കൂടി പറയാതെ വയ്യ. 1504-ൽ ചോർത്തുഗീസുകാരോടും അവരെ സഹായിക്കുന്ന കൊച്ചീരാജാവിനോടും അമർഷം തോന്നിയ സാമൂതിരി 5000 ത്തോളം വരുന്ന നായർ സൈന്യവുമായി കൊച്ചിയെ ആക്രമിച്ചു. 111 പേർ മാത്രമുള്ള ചോർത്തുഗീസ് സംഘവും ഏതാനും സഹായികളായ നായൻമാരും ചേർന്ന് 5 മാസം ആണ് സാമൂതിരിയുടെ നായർ പടയെ പ്രതിരോധിച്ചു നിന്നത് 'അതിനിടയിൽ മഴക്കാലം വരികയും നടപ്പുദീനം വന്ന് കുറെയധികം സൈനികർ മരിക്കുകയും ചെയ്തതോടെ സാമൂതിരി യുദ്ധം അവസാനിപ്പിച്ചു.ഈശ്വരാധീന കുറവാണ് യുദ്ധ പരാജയമെന്ന് ചരിത്രകാരൻ പത്മനാഭ മേനോൻ കൊച്ചീരാജ്യത്തിൻ്റെ ചരിത്രത്തിൽ ആശ്വാസം കൊള്ളുമ്പോഴും പോർത്തുഗീസ് തലവനായ പച്ചീക്കോ ഉൾപ്പടെ 111 പേരെ അഞ്ചു മാസം കൊണ്ടു തൊടാൻ കഴിയാതെ പോയ സാമൂതിരിയുടെ നായർ പടയുടെ യുദ്ധസാമർത്ഥ്യം നമുക്ക് വ്യക്തമാകുന്നതാണ് -

സൈന്യമെന്നും ,യുദ്ധമെന്നുമുള്ള വാക്കുകൾക്ക് പ്രസക്തിയില്ലാത്ത ശണ്ഠകൾ മാത്രമായിരുന്നു നായർ പടയുടെ യുദ്ധങ്ങളെന്ന് അന്നത്തെ പരിതസ്ഥിതിയിൽ നിന്നു നമുക്ക് മനസ്സിലാക്കാം - കളരിയും, കളരി കുറുപ്പും, പണിക്കരും, ഗുരുക്കൻമാരുമൊക്കെയുണ്ടായിരുന്നെങ്കിലും, ആയുധപണിയിൽ കേമൻമാരായ ഒരു വിഭാഗം ഉണ്ടായിരുന്നില്ല. നായൻമാർ എല്ലാവരും ആയുധപാണികളും ആ ജന്മയോദ്ധാക്കളുമായിരുന്നെങ്കിലും, രാജാധികാരത്തിൻ്റെ കീഴിലെങ്കിലും നിലനിന്നിരുന്ന മികച്ച ആയുധ നിർമാണ കേന്ദ്രങ്ങൾ എവിടെയും നിലനിന്നിരുന്നതായി പരാമർശം ഇല്ല. ഓരോ ദേശത്തും കുടിപാർത്ത് അവർക്കു വേണ്ട ഇരുമ്പുപണികൾ ചെയ്തിരുന്ന രണ്ടോ മൂന്നോ കൊല്ലകുടികൾ മാത്രമാണ് ഉണ്ടായിരുന്നത്.ഇവർ ആയു ധനിർമാണത്തിൽ വേണ്ടത്ര വൈദഗ് ദ്ധ്യമുള്ളവരായിരുന്നില്ല;ആരോമൽ ചേകവരുടെ വടക്കൻപാട്ടിൽ ചുരിക കടയാനറിയുന്ന കൊല്ലനെ തേടി മച്ചുനിയൻ ചന്തു കുറുമ്പ്രനാട്ടു നിന്നും കോലാതിരി നാട്ടിലേക്ക് പോകുന്ന ഭാഗം വർണ്ണിക്കുന്നുണ്ട്. സാമൂദായിക സ്ഥിതിയുടെ വെളിച്ചത്തിൽ ഇതൊരു സൂചനയായി എടുക്കാൻ പറ്റുമെങ്കിൽ ആയുധ നിർമ്മാണ രംഗത്ത് തൊഴിൽ വൈദഗ്ദ്ധ്യം വളരെ വിരളമായിരുന്നു എന്ന് മനസ്സിലാക്കാം -

16-ാം നൂറ്റാണ്ടിലെ പോർത്തുഗീസ് രേഖകളെ അവലംബിച്ച് വൈറ്റ് വേ ,അന്നത്തെ യുദ്ധ ആയുധ നിർമ്മാണത്തെ ഇങ്ങിനെ വിവരിക്കുന്നു.
" -വാളുകൾ നിർമിക്കുന്നത് ഉരുക്ക് കൊണ്ടല്ല 'പച്ചിരുമ്പ് കൊണ്ടാണ് - ചിലതു നീണ്ടു നെളിവുള്ളവയും ചിലത് നീളം കുറഞ്ഞ് ഉരുണ്ടവയുമാണ്. അവയുടെ അഗ്രം കൊണ്ട് പ്രയോഗം ഇല്ല' പിടി മുതൽ അലകിൻ്റെ മുക്കാൽ പങ്കും -ഇരുമ്പു കൊണ്ടുള്ള പറ്റു വച്ച് ബലപ്പെടുത്തിയിരിക്കും - വാൾ പിടിക്കു കഷ്ടിച്ച് വിരലിനെ മറക്കാവുന്ന ആവരണ മേയുള്ളൂ - കിലുകിലാ ശബ്ദമുണ്ടാക്കാൻ വാളിൽ വെങ്കലവളയങ്ങൾ കൊരുത്തിരുന്നു.
ഇത്തരം വാളുകൾ മികച്ച യുദ്ധത്തിൽ ഉപയോഗിക്കാൻ കഴിയാത്തതാണെന്ന് വൈറ്റ് വേ നിരീക്ഷിക്കുന്നുണ്ട്- പ്രാദേശിക കൊല്ലൻ്റെ കരവിരുത് പ്രയോഗിച്ച ഇത്തരം ആയുധങ്ങളായിരുന്നു നായർ സൈന്യം ഉപയോഗിച്ചിരുന്നത് -
മാർത്താണ്ഡവർമ്മ ഏറ്റെടുക്കും വരെ കച്ചകെട്ടി ഉടുക്കുന്നതല്ലാതെ പ്രത്യകമായി വസ്ത്രം ധരിക്കുന്ന പതിവ് നായർ സൈന്യത്തിനുണ്ടായിരുന്നില്ല. അര മുതൽ മുട്ടോളം ഇറക്കമുള്ള നിറം പിടിപ്പിച്ച മുണ്ടും തലയിൽ തലയിൽ ഉറു മാലും അല്ലാതെ വേറെ വസ്ത്രങ്ങൾ അവർക്കില്ലായിരുന്നു 'അവർ ചെരിപ്പിടാത്ത മിക്കവാറും ഗുഹ്യഭാഗം മാത്രം മറച്ച നഗ്നരാണെന്നും കാസ്റ്റർ ഹെഡും, ക്യാപ്റ്റൻ നിഹോഫും പറയുന്നു'
(1729-58) മാർത്താണ്ഡവർമ്മയാണ് ഡച്ചുകാരുടെയും ഇംഗ്ലീഷ് കാരുടെയും മോഡലിൽ ചട്ട, കുപ്പായം, തലപ്പാവ് മുതലായവ നായർ പടയാളികൾക്ക് നൽകിയത്.
ഇങ്ങിനെ നഗ്നരായ ,സംഘം ചേർന്ന് യുദ്ധം ചെയ്യാനറിയാത്ത ,കൽപ്പനകൾ അനുസരിച്ച് മുന്നേറാൻ കഴിവില്ലാത്ത ഇവരെ ഡച്ചുകാർ തങ്ങളുടെ സൈന്യത്തിൽ എടുക്കുന്നില്ല - ഇതര ഇന്ത്യൻ സൈന്യത്തെ പോലെ അല്ല ഇവർ ' വ്യൂ ഹനിദാനം എന്തെന്നറിയാത്ത ഇവർ സ്വന്തം രീതിയിൽ തോന്നിയതുപോലെ യുദ്ധം ചെയ്യുന്നു. അതിനാൽ തന്നെ അവർ പ്രത്യേക സേനയായി നിലനിർത്താനാണ് ഡച്ചുകാരും തീരുമാനിച്ചിരുന്നത്.
എന്തായിരുന്നു വിദേശികളുടെ വരവിനു മുമ്പ് കേരളത്തിൽ നടന്നിരുന്ന യുദ്ധം എന്നറിയുമ്പോഴാണ് - കാര്യങ്ങൾ പിടികിട്ടുക ---

1720-കാലത്ത് കൊച്ചിയിലെ ഡച്ച് ചാപ്ലിനായിരുന്ന വിഷർ പാതിരിയുടെ നാട്ടിലേക്കയച്ച കത്തുകളിൽ യുദ്ധ വിവരങ്ങൾ ആവശ്യത്തിനുണ്ട്. 1580-ൽ ഷെയിക് സൈനുദ്ധീൻ്റെ പ്രസ്താവന യുദ്ധത്തെ കുറിച്ച് പറയുന്നതിപ്രകാരമാണ് മലബാർ രാജാക്കൻമാരുടെ യുദ്ധം നേരത്തേ പറഞ്ഞുറപ്പിച്ച തീയ്യതിക്ക് പറഞ്ഞുറപ്പിച്ച സ്ഥലത്താണ് നടത്തുന്നത്. ചതിയോ വഞ്ചനയോ അവരുടെ യുദ്ധങ്ങളിൽ ഇല്ല.
വർത്തേമ (1503) ൽ നായർ പോരാളികൾ പങ്കെടുത്ത യുദ്ധത്തെ കുറിച്ച് പറയുന്നത് കേൾക്കുക -

"-കോഴിക്കോട്ടെ രാജാവ് യുദ്ധത്തിനു പുറപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ കീഴിൽ ലക്ഷത്തിനടുത്ത് കാലാളുകൾ ഉണ്ടാവും. കുതിരകളെ ഉപയോഗിക്കാറില്ല. ആന പുറത്ത് കൊടിയടയാളത്തിനു പകരം ഒരു വലിയ കുട പിടിച്ച് രാജാവ് ഇരിക്കും. ഇരു രാജാക്കൻമാരും രണ്ട് അമ്പെയ്ത്തു അകലത്തിൽ നിൽക്കും. രാജാവ് ഒരു ബ്രാഹ്മണനെ വിളിച്ച് ഇപ്രകാരം പറയുന്നു. "ശത്രു വിൻ്റെ കൈ അകലത്തിൽ പോയി രാജാവിനോട് അദ്ദേഹത്തിൻ്റെ നുറു നായന്മാരെ അയക്കാൻ പറയൂ. ഞാനെൻ്റെ നുറു നായൻമാരെ അയക്കാം'' - അങ്ങിനെ ഇരുഭാഗത്തു നിന്നും നൂറു നായൻമാർ മധ്യത്തിൽ വന്നു യുദ്ധം ആരംഭിക്കുന്നു. മൂന്നു ദിവസം ഇങ്ങിനെ പൊരുതിയാലും തലക്കു നേരേ രണ്ടും, കാലിൻമേൽ ഒന്നും വീതം അടിക്കുകയോ കുത്തുകയോ അല്ലാതെ ഒന്നും പ്രവൃത്തിക്കുകയില്ല. അങ്ങിനെ ഇരുഭാഗത്തും നാലോ ആറോ പേർ മരിച്ചാൽ ഉടൻ ബ്രാഹ്മണൻ അവരുടെ ഇടയിൽ കയറി അവരെ വേർപെടുത്തി കൈ അകലത്തിൽ മാറ്റുന്നു. എന്നിട്ട് ഇരുഭാഗത്തെയും സൈന്യത്തിൽ പോയി ഇനിയും യുദ്ധം വേണോ എന്നു ചോദിക്കും, വേണ്ട മതി എന്നു രാജാക്കൻമാർ പറയുന്നതോടെ യുദ്ധം അവസാനിക്കം - ഈ രീതിയിൽ നുറു പേർക്കു നൂറ് പേർ എന്ന രീതിയിലാണ് അവരുടെ യുദ്ധ സമ്പ്രദായം. -
വർത്തേമയും വിഷർ പാതിരിയും തമ്മിലുള്ള അകലം 125 വർഷങ്ങളുടേതാണ്. പോർത്തുഗീസുകാരുടെ പതനത്തിനു ശേഷം ഡച്ചുകാരുടെ ആധിപത്യം അര ദശാബ്ദം കഴിഞ്ഞിട്ടും കേരളീയ യുദ്ധത്തിൽ മാറ്റം വന്നില്ല.
20 പേർക്കു ജീവഹാനി സംഭവിക്കുന്ന യുദ്ധം വളരെ ഗുരുതരമായ ഒന്നായിരുന്നു. നാലു രാജാക്കൻമാർ ചേർന്നു യുദ്ധം ചെയ്യുമ്പോഴും ഡച്ചുകാർക്ക് അതൊരു പ്രശ്നമായിരുന്നില്ല. പക്ഷേ നാട്ടിലാകെ നാശം വിതക്കുന്നതും നാശനഷ്ടം വരുത്തുന്നതും അവരുടെ ചരക്കു നീക്കത്തെ തടസ്സപ്പെടുത്തിയിരുന്നു.

വാർത്തകൾ വേഗത്തിൽ ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

യുദ്ധമോ പതിയിരുന്നുള്ള ആക്രമണമോ രാത്രി കാലത്തു പാടില്ല. സൂര്യൻ ഉദിച്ചു പൊങ്ങിയ ശേഷം പകൽ സമയത്തേ യുദ്ധമുള്ളൂ. ഇരു കൂട്ടരുടേയും താവളം അടുത്തടുത്തായിരിക്കും, ഒരേ കുളത്തിൽ കുളിച്ച് 'തമ്മിൽ വെറ്റിലയൊക്കെ മുറുക്കി, പടഹധ്വനി കേൾക്കുന്നതോടെ വേർപിരിഞ്ഞ് പ്രത്യേകം അണികളായി തിരിഞ്ഞ് യുദ്ധം ചെയ്യുന്നു.-
- - - - നാട്ടുകാർക്ക് ശല്യമായിരുന്നെങ്കിലും ഈ യുദ്ധങ്ങൾ യോദ്ധാക്കൾക്ക് വിരുന്നും വിനോദവുമായിരുന്നെന്ന് വൈറ്റ് വേ പറയുന്നു.

യുദ്ധം ചെയ്യുന്ന നായർ യോദ്ധാക്കളുടെ സമ്പ്രദായം വൈറ്റ് വേ വിവരിക്കുന്നത് നോക്കാം -
സൈന്യത്തെ ഇടതൂർന്ന് നിരനിരയായി നിർത്തുന്നു. അവരുടെ പരിചകൾ തമ്മിൽ തൊടുവിച്ച് നിലത്തോടു ചേർത്തു പിടിച്ചു കുനിഞ്ഞു നിന്ന് പദം പദമായി സാവകാശം മുമ്പോട്ടു നീങ്ങുന്നു..
വാൾക്കാർക്കു പിന്നിൽ വില്ലുകാരാണ്. അവർ ശത്രുക്കളുടെ നേരേ നിലത്തോട് ചേർന്ന് പാദങ്ങളിലേക്ക് അമ്പെയ്യുന്നു. ഇതു പോലെ ഗദ കളോ അരികിനു മൂർച്ച വരുത്തിയ വളയങ്ങളോ എറിയുന്ന ഏറുകാരും ഇവരോടൊപ്പമുണ്ടാകും - അതിനും പിറകിൽ കുന്തക്കാരുണ്ടാവും ,മൈതാനത്തു വച്ചു മാത്രമേ യുദ്ധങ്ങൾ ഉണ്ടാവാറുള്ളൂ - സാവകാശം കുനിഞ്ഞ് മൂന്നേറിയും പിറകോട്ട് മാറിയും ചിലപ്പോൾ ദിവസം മുഴുവൻ കഴിച്ചെന്നു വരും. പടഹധ്വനി കേൾക്കുമ്പോൾ ഇരുകൂട്ടരും യുദ്ധം അവസാനിപ്പിച്ച് നിവർന്നു നിൽക്കുകയും ചെയ്യും -യുദ്ധത്തിലെ പോരായ്മകളും വീഴ്ച്ചകളും കുറിച്ചെടുക്കാൻ മേനോൻമാർ എഴുത്താണിയും ഓലയുമായി യുദ്ധക്കളത്തിനു മധ്യത്തിൽ ഉണ്ടാകും -

യുദ്ധത്തിൽ പങ്കെടുക്കുന്ന അരുടെയെങ്കിലും ബന്ധു മരിക്കുകയാ സാമന്തൻമാർ ലഹളക്കു മുതിരുകയോ ചെയ്താൽ സൈന്യത്തലവൻ കുന്തം നിലത്തു തറച്ചു വാളും പരിചയും അതിൽ ചാരി നിരത്തി യുദ്ധവിരാമം അറിയിക്കുന്നു.മറുഭാഗത്തെ സൈന്യത്തലവനും ഇപ്രകാരം ചെയ്യുന്നതോടെ യുദ്ധം അവസാനിക്കുന്നു.
പടയിൽ മരിച്ച വീഴുന്നവരുടെ ജഡം അപ്പപ്പോൾ മാറ്റണം എന്നതായിരുന്നു നിയമം - ഇതു മൂലം യുദ്ധം ആകെ കുഴയുമായിരുന്നു എന്ന് "വിഷർ പാതിരി കുറിക്കുന്നു.

ഈ വിവരങ്ങൾ രേഖപ്പെടുത്തിയ വിദേശികൾ വെറുതെ കുറിച്ച വിവരങ്ങൾ ആയിരുന്നില്ല ഇതൊന്നും. 1503 മുതൽ 1508 വരെ ലോകത്തിൻ്റെ പല ഭാഗങ്ങളിലും സാഹസികമായി സഞ്ചരിച്ച വർത്തേമ രണ്ടു തവണയായി കേരളത്തിൽ കുറെ കാലം താമസിച്ച മലയാള ഭാഷ ചുരുക്കമായി അറിയാവുന്ന ഇറ്റലിക്കാരനാണ്. വിഷർ പാതിരി ഡച്ചുകാരുടെ ചാപ്ലിനായി 1717 മുതൽ 17 23 വരെ കൊച്ചിയിൽ താമസിച്ചയാളാണ്. ഡച്ചു ക്യാപ്റ്റനായിരുന്ന നീ ഹോഫ് കൊല്ലം, കൊടുങ്ങല്ലൂർ, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ കോട്ടകൾ ആക്രമിച്ചു കീഴടക്കിയ സൈന്യത്തിൽ ഉണ്ടായിരുന്ന ആളാണ് -പോർത്തുഗീസ് ചരിത്രമെഴുതിയ വൈറ്റ് വേയാകട്ടെ "റഫറൻസ് " പറഞ്ഞു ചരിത്രമെഴുതിയ ആളുമാണ് -

**************************

:(അവലംബം: ജാതി വ്യവസ്ഥയും കേരള ചരിത്രവും: പി.കെ: ബാലകൃഷ്ണൻ
കൊച്ചി രാജ്യചരിത്രം :പത്മനാഭമേനോൻ
കേരളം 15, 16 നൂറ്റാണ്ടുകളിൽ : വേലായുധൻ പണിക്കശ്ശേരി.)

(സുരൻ നൂറനാട്ടുകര)