പഞ്ചാബ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

പഞ്ചാബ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.


ന്യൂഡല്‍ഹി: പഞ്ചാബിലെ ലൗലി പ്രഫഷനല്‍ സര്‍വകലാശാലയില്‍ ജീവനൊടുക്കിയ മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ അഖിന്‍ എസ്. ദിലീപാണ് (21) ജീവനൊടുക്കിയത്. ഹോസ്റ്റല്‍ മുറിയില്‍നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തത്. അഖിന്‍ നേരത്തെ പഠിച്ച കോഴിക്കോട് എന്‍.ഐ.ടിയിലെ അധ്യാപകനെതിരെയാണ് കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അഖിന്‍ ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് ആത്മഹത്യ ചെയ്തത്. കോഴിക്കോട് എന്‍.ഐ.ടിയിലെ പഠനം അവസാനിപ്പിക്കാനിടയായതിന് പ്രഫ. പ്രസാദ് കൃഷ്ണയെ കുറ്റപ്പെടുത്തുന്നുവെന്നാണ് കുറിപ്പിലുള്ളത്.

'എന്‍.ഐ.ടിയില്‍നിന്ന് പുറത്തുപോകാന്‍ എന്നെ വൈകാരികമായി പ്രേരിപ്പിച്ച പ്രഫ. പ്രസാദ് കൃഷ്ണയെ ഞാന്‍ കുറ്റപ്പെടുത്തുന്നു. എന്റെ തീരുമാനത്തില്‍ ഞാന്‍ വളരെ ഖേദിക്കുന്നു. ഞാന്‍ എല്ലാവര്‍ക്കും ഒരു ഭാരമാണ്. ക്ഷമിക്കണം' -അഖിന്‍ കുറിപ്പില്‍ പറയുന്നു. ഹോസ്റ്റല്‍ മുറിയില്‍നിന്ന് കണ്ടെടുത്ത കുറിപ്പ് അഖിന്റേതാണെന്ന് ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്‍.ഐ.ടിയില്‍ ബി.ടെക്ക് കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു. അഖിന്റെ മരണത്തിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് സര്‍വകലാശാല കാമ്ബസില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. പത്തുദിവസത്തിനിടെ രണ്ട് വിദ്യാര്‍ഥികളാണ് കാമ്ബസില്‍ ജീവനൊടുക്കിയത്. രണ്ടുസംഭവങ്ങളിലും വിശദമായ അന്വേഷണം നടത്തണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം.

വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെത്തിയും അന്വേഷണം നടത്താനാണ് പഞ്ചാബ് പൊലീസിന്റെ തീരുമാനം. വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണയാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. സ്ഥിതിഗതികള്‍ മുഴുവന്‍ വിദ്യാര്‍ഥികളോട് വിശദീകരിച്ചതിനു പിന്നാലെ പ്രതിഷേധത്തില്‍നിന്ന് അവര്‍ പിന്മാറിയെന്ന് അധികൃതര്‍ അറിയിച്ചു.