ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം.

ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം.


ദോഹ: ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം. മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന ലൂസേഴ്‌സ് ഫൈനല്‍ ഇന്ന് രാത്രി 8:30 ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. സെമിഫൈനലില്‍ തോറ്റ ക്രൊയേഷ്യയും മൊറോക്കോയും തമ്മിലാണ് മത്സരം. ക്രൊയേഷ്യ അര്‍ജന്റീനയോടും മൊറോക്കോ നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സിനോടുമാണ് തോറ്റത്. ഫൈനല്‍ ലക്ഷ്യമിട്ട് സെമി പോരാട്ടത്തിനിറങ്ങിയ ഇരുടീമുകള്‍ക്കും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

അതിനാല്‍ തന്നെ ഖത്തറില്‍ നിന്നും വെറും കയ്യോടെ മടങ്ങാന്‍ ഇരു ടീമുകളും തയ്യാറല്ല. സെമിഫൈനല്‍ കളിച്ച മൊറോക്കോ ഇതിനോടകം ചരിത്രം സൃഷ്ടിച്ച്‌ കഴിഞ്ഞ ടീമാണ്. ഖത്തറില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായി മടങ്ങാനായിരിക്കും ഹക്കീമിയും സംഘവും കളത്തിലിറങ്ങുക. തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ലക്ഷ്യമിട്ടാണ് മോഡ്രിച്ചും സംഘവും മെസ്സിയുടെ അര്‍ജന്റീനയുമായി ഏറ്റുമുട്ടിയത്. എന്നാല്‍ കഴിഞ്ഞ ലോകകപ്പിലേറ്റ പരാജയത്തിന് മെസ്സിയും സംഘവും മറുപടി നല്‍കുന്ന കാഴ്ച്ചയാണ് ഖത്തറില്‍ കണ്ടത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ആല്‍ബിസെലെസ്‌റ്റെകളുടെ വിജയം. മൊറോക്കോയ്‌ക്കെതിരെ കളത്തിലിറങ്ങുമ്ബോള്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ച്‌ നയിക്കുന്ന മധ്യ നിരയില്‍ തന്നെയാണ് ടീമിന്റെ വിശ്വാസം. ഖത്തര്‍ ലോകകപ്പില്‍ ഇതിന് മുമ്ബ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ മത്സരം ഗോള്‍ രഹിതമായിരുന്നു. വാലിദ് റിക്രാഖിയുടെ പ്രതിരോധത്തിന്റെ കരുത്തില്‍ തന്നെയാകും മൊറോക്കോ ഇന്നും ബൂട്ട് കെട്ടുക. മൂന്നാം സ്ഥാനത്തിനായി തുല്യശക്തികള്‍ ഏറ്റുമുട്ടുമ്ബോള്‍ മത്സരംഫലം അപ്രവചനീയമാണ്.