ഇന്നത്തെ കൊറോണയും നാളത്തെ പ്രളയവും

മനു മോഹനൻ, സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ

ഇന്നത്തെ കൊറോണയും നാളത്തെ പ്രളയവും


ഒരുപക്ഷേ കുറേക്കാലം കൂടി കർക്കിടകമാസം ശരിക്കും പഞ്ഞകർക്കിടകമായതു ഇന്നേ വർഷം അതായതു കൊല്ലവർഷം ആയിരത്തിഒരുനൂറ്റി തൊണ്ണൂറ്റിയഞ്ചാം ആണ്ടിലാണെന്നു വരുംകാല കേരളചരിത്രതാളുകളിൽ രേഖപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പരിഷ്‌കൃത-അധഃകൃത ഭേദമെന്യേ ലോകമഹാശക്തികളെയൊക്കെ തന്നെ ഒരേ പോലെ പിടിച്ചു കുലുക്കിയ കൊറോണയെന്ന മഹാമാരി കേരളക്കരയെ ആദ്യമൊന്നും നോട്ടമിട്ടില്ലെങ്കിലും, വളരെ വൈകിത്തുടങ്ങിയ സംഹാരതാണ്ഡവം അതിന്റെ ഉച്ചസ്ഥായിയിൽ തന്നെ മുൻപോട്ട് പോകുന്നുണ്ട് എന്നുള്ളത് പരിഷ്‌കൃതപുങ്കവന്മാരായ മലയാളിക്ക് ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് കരുതാനേ തരമുള്ളൂ. ഇനിയും അത് മനസിലാവാത്ത, അഥവാ മനസ്സിലായിട്ടും അതിനെ കരുതാത്ത പരിണിതപ്രജ്ഞന്മാരോടൊക്കെ ഒന്നും പറയാതിരിക്കുന്നതാവും ബുദ്ധി.

വേണ്ട സമയത്തു വേണ്ടിയ ബുദ്ധിയില്ലാത്ത തുഗ്ലക് പരിഷ്കാരങ്ങളും, രാഷ്ട്രീയ മുതലെടുപ്പിനായുള്ള കണക്കു മറച്ചുവെക്കലുകളുമൊക്കെ ഒരുപരിധിവരെ കേരളത്തിലെ ഇന്നത്തെ അവസ്ഥക്ക് കരണമായിട്ടുണ്ടെന്നു പറയാതെ വയ്യ. വരുന്ന രണ്ടു തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടു കൊണ്ട് നടത്തിയ പ്രതിച്ഛായ യുദ്ധവും, കേരളം എല്ലാത്തിലും മുന്നിൽ എന്ന് കാട്ടാനായി ഇതിനിടെ നടത്തിയ ക്ലിഷേ നാടകങ്ങളുമൊക്കെ സാധാരക്കാരായ ജനങ്ങളിലേക്ക് ഒരു തെറ്റായ സന്ദേശം എത്തിച്ചു എന്നത് തർക്കമില്ലാത്ത വിഷയമാണ്. 'മലയാളിക്കു കൊറോണ വരില്ല..' എന്നൊരു ചിന്ത സാധാരണക്കാരന്റെ ഉള്ളിൽ ഊട്ടിയുറപ്പിക്കാൻ ഇതൊക്കെ പ്രയോജനപ്പെട്ടുള്ളു എന്നുള്ളതാണ് വാസ്തവം. സ്വയം കരുതലെടുക്കേണ്ട സമയത്തു അമിതാത്മവിശ്വാസം ഉള്ളിൽ കേറിയ ജനത മുൻകരുതലുകളൊക്കെ കാറ്റിൽ പറത്തി. ആരോഗ്യ വകുപ്പും, ആഭ്യന്തരവും ചേർന്ന് ആദ്യം ചെയ്ത സ്തുത്യർഹമായ പ്രവർത്തനങ്ങളുടെ ഗുണഫലമനുഭവിക്കാനാവാത്ത വിധം കാര്യങ്ങൾ ഇന്നത്തെ സ്ഥിതിയിലേക്ക് കൊണ്ടെത്തിച്ചതിൽ രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ല എന്ന് വിശ്വസിക്കാൻ തരമില്ല.

കാര്യങ്ങളേറെക്കുറെ കൈവിട്ട അവസ്ഥയിലാണെന്നുള്ളത് ഭരണ നേതൃത്വം പോലും അംഗീകരിച്ച അവസ്ഥയിൽ, അതിപ്രധാനമായ വേറൊരു കാര്യം നമ്മളിപ്പോൾ ശ്രദ്ധിക്കാതെ പോകുന്നുണ്ട്. കഴിഞ്ഞ രണ്ടു കൊല്ലത്തെ പ്രളയവും ഓഗസ്റ്റ് മാസമായിരുന്നു എന്നുള്ളത് വരാനിരിക്കുന്ന ദുരവസ്ഥയുടെ ആഴം വരച്ചുകാട്ടുന്നുണ്ട്. എന്നിട്ടും അത് കണ്ടില്ലന്നു നടിക്കുന്നത് മൂഢത്വമായിട്ടാണ് തോന്നുന്നത്, വേറേതൊരു ന്യായീകരണം കൊണ്ടും നേരിടാനാവാതെ അവസ്ഥയില്ലേക്ക് സ്ഥിതിഗതികളെത്തിക്കും എന്നതിൽ സംശയം വേണ്ട. ഈ വർഷത്തെ പ്രതീക്ഷിക്കുന്ന മഴയുടെ അളവ് കഴിഞ്ഞ രണ്ടു കൊല്ലത്തേതിലും കൂടുതലാണെന്നു ഏറെക്കുറെ ബോധ്യമായ അവസ്ഥയിൽ അതിനു വേണ്ട മുന്നൊരുക്കങ്ങൾ നടക്കുന്നുണ്ടോ എന്ന് സംശയിക്കാതെ വയ്യ. കഴിഞ്ഞ രണ്ടു കൊല്ലങ്ങളിലെയും ദുരിതാശ്വാസ ക്യാമ്പുകൾ പോലും ഇന്ന് കൊറോണ രോഗികൾക്കായും കൊറോണ ഐസൊലേഷന് വേണ്ടിയും മാറ്റി വെച്ചിരിക്കുന്നു എന്നതും തീർത്തും ചിന്തനീയം തന്നെ.

എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ, വരുന്ന കർക്കിടക കാറൊഴിഞ്ഞ മാനത്തു ചിങ്ങപ്പുലരിവിരിയുമ്പോൾ ഓണമുണ്ണാൻ എത്ര മലയാളികൾ ബാക്കിയുണ്ടെന്നറിയാൻ കാനേഷുമാരി കണക്കെടുക്കാനൊന്നും പോകേണ്ടി വരില്ലെന്ന് തോന്നുന്നു. എല്ലാം കൈവിട്ട നിൽക്കുന്ന അവസ്ഥയിലും ശുഭപ്രതീക്ഷയോടെ കർമനിരതരായിരിക്കുന്ന എല്ലാ ആരോഗ്യമേഖല-സേനാവിഭാഗങ്ങളിലെ പ്രവർത്തകർക്കും അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ട്, അതെ സമയം 'ജനം ഇതെല്ലം കാണുന്നുണ്ട്' എന്ന് വേണ്ടപെട്ടവരെയൊക്കെ ഓർമിപ്പിച്ചു കൊണ്ട് ഇന്നത്തേക്ക് വിട.

 

(സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും, സ്വതന്ത്ര സാമൂഹിക മനഃശാസ്ത്ര വിദഗ്ദ്ധനുമാണ്   ലേഖകൻ)