ട്വന്റി 20 ലോക കപ്പ് : വിരാട് കോഹ്ലിയുടെ മാസ്മരിക പ്രകടനം, പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം.

ട്വന്റി 20 ലോക കപ്പ് : വിരാട് കോഹ്ലിയുടെ മാസ്മരിക പ്രകടനം, പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം.


മെല്‍ബണ്‍: വിരാട് കോഹ്ലി നടത്തിയ വീരോചിത പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവറിലെ അവസാന പന്തുവരെ ആവേശം കത്തിനിന്ന 'സൂപ്പര്‍ 12'ലെ ത്രില്ലര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റ ്ജയം. ഒരറ്റത്ത് മുന്‍നിര ബാറ്റര്‍മാരെല്ലാം ഇടറിവീണപ്പോള്‍ 82, റണ്‍സുമായി കോഹ്ലി ഇന്ത്യയുടെ വിജയശില്‍പിയായി.

അവസാന ഓവറിലേക്ക് നീണ്ട് ഉദ്വേഗം നിറഞ്ഞ മത്സരത്തിലാണ് ഒടുവില്‍ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം നേടിയത്. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറില്‍ ആദ്യ പന്തില്‍ ഹര്‍ദിക് പാണ്ഡ്യ കൂറ്റനടിക്കു ശ്രമിച്ച്‌ വീണു. തുടര്‍ന്നെത്തിയത് ദിനേശ് കാര്‍ത്തികും ഒന്നും ചെയ്യാനാകാതെ പകച്ചപ്പോള്‍ കോഹ്ലി തന്നെ ആ ദൌത്യം പൂര്‍ത്തിയാക്കി. 53 പന്തില്‍ നാല് സിക്സറും ആറു ഫോറും അകമ്ബടിയേകിയ ഇന്നിങ്സിന്‍റെ കരുത്തിലാണ് ഇന്ത്യയുടെ മിന്നും വിജയം. 160 എന്ന മികച്ച ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പവര്‍പ്ലേയില്‍ തന്നെ ഓപണര്‍ കെ.എല്‍ രാഹുലിനെയും നായകന്‍ രോഹിത് ശര്‍മയെയും സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെയും നഷ്ടമായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്ബോള്‍ ഇന്ത്യ മൂന്നിന് 31 എന്ന നിലയിലായിരുന്നു ഇന്ത്യ. നസീം ഷായുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് രാഹുല്‍ മടങ്ങിയത്. എട്ടു പന്ത് നേരിട്ട് നാല് റണ്‍സുമായാണ് രാഹുല്‍ മടങ്ങിയത്. ഹാരിസ് റഊഫ് എറിഞ്ഞ നാലാമത്തെ ഓവറില്‍ രോഹിതും കൂടാരം കയറി. ഗുഡ് ലെങ്ത് പന്തില്‍ ബാറ്റ് വച്ച രോഹിതിനെ സ്ലിപ്പില്‍ ഇഫ്തിക്കാര്‍ അഹ്മദ് പിടികൂടി. ഹാരിസ് റഊഫ് എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന് ക്യാച്ച്‌ നല്‍കി സൂര്യകുമാര്‍ യാദവും(15) മടങ്ങി. അഞ്ചാമനായെത്തിയ അക്‌സര്‍ പട്ടേലിനും അധികം ആയുസുണ്ടായിരുന്നില്ല. 

ആറാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോഹ്ലി-ഹര്‍ദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ വന്‍ കൂട്ടത്തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. കരുതലോടെ തുടങ്ങിയ കോഹ്ലി ഒരറ്റത്ത് നിലയുറപ്പിച്ചു കളിച്ചപ്പോള്‍ മറുവശത്ത് ഹര്‍ദിക് പാണ്ഡ്യ സ്‌കോര്‍വേഗം കൂട്ടി. എന്നാല്‍, ഇതിനിടിയ്ക്ക് കോഹ്ലി അര്‍ധസെഞ്ച്വറിയും പിന്നിട്ടു. ഇതോടെ കളിയുടെ ഗിയര്‍ കോഹ്ലി ഏറ്റെടുക്കുകയായിരുന്നു. 

പവര്‍പ്ലേയിലടക്കം ആദ്യ പത്ത് ഓവറില്‍ പുറത്തെടുത്ത മികച്ച പ്രകടനം അവസാനം വരെ തുടരാന്‍ പാക് ബൗളര്‍മാര്‍ക്കായില്ല. ഹാരിസ് റഊഫും മുഹമ്മദ് നവാസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കന്നി ലോകകപ്പ് കളിക്കുന്ന യുവതാരം നസീം ഷാ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റും സ്വന്തമാക്കി. ശാദാബ് ഖാന്‍ നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കി ഇന്ത്യന്‍ ബാറ്റര്‍മാരെ കുഴക്കിയെങ്കിലും ഷഹിന്‍ഷാ അഫ്രീദിക്ക് ഇന്ന് വേണ്ടത്ര തിളങ്ങാനായില്ല.