ഇന്ത്യന്‍ ടി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരില്ലെന്ന് വിരാട് കോഹ്ലി

ഇന്ത്യന്‍ ടി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരില്ലെന്ന് വിരാട് കോഹ്ലി


ഇത്തവണത്തെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരില്ലെന്ന് വിരാട് കോഹ്ലി.ജോലിഭാരം കൂടുതലായതിനാലാണ് ടി-20 നായക സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതെന്ന് കോഹ്ലി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറഞ്ഞു. വളരെയധികം സമയമെടുത്ത ശേഷമാണ് ഈയൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതെന്നും കോഹ്ലി വ്യക്തമാക്കി.നിലവില്‍ ഇന്ത്യയുടെ ടി-20, ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ കോഹ്ലിയാണ് ക്യാപ്റ്റന്‍. ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരും.

"ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എന്റെ കഴിവിന്റെ പരമാവധി നയിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ എന്റെ യാത്രയില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. പ്ലേയേഴ്സ്, സപ്പോര്‍ട്ട് സ്റ്റാഫ്, സെലക്ഷന്‍ കമ്മിറ്റി, എന്റെ പരിശീലകര്‍, കൂടാതെ ഞങ്ങള്‍ വിജയിക്കണമെന്ന് പ്രാര്‍ത്ഥിച്ച ഓരോ ഇന്ത്യക്കാരും- അവര്‍ ആരുമില്ലാതെ എനിക്ക് ഇതോന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല," സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച പ്രസ്താവനയില്‍ കോഹ്ലി പറഞ്ഞു.