വാർത്തകളിലെ അക്രമവും അതിക്രമവും

മനു മോഹനൻ, സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ

വാർത്തകളിലെ അക്രമവും അതിക്രമവും


കുറച്ചു ദിവസങ്ങൾക്കു മുൻപേ ഇതേ പംക്തിയിൽ നമ്മൾ ചർച്ചചെയ്തിരുന്ന ഒരു വിഷയത്തിൻറെ തുടർച്ചയായി പ്രേക്ഷകർ ഈ അവലോകനത്തെ കരുതിയാൽ അതിൽ തെറ്റുപറയാൻ പറ്റില്ല എന്ന് പറഞ്ഞു കൊണ്ട് തന്നെ തുടങ്ങട്ടെ. മേല്പറഞ്ഞതു പോലെ മാധ്യമങ്ങളുടെ വാർത്താദരിദ്ര്യം ഒരു പരിധിവരെ മറികടക്കുന്ന കാഴ്ചകളാണ് കഴിഞ്ഞ രണ്ട് മൂന്നു ആഴ്ചകളായി കണ്ടു വരുന്നത്. കൃത്യമായി പറഞ്ഞാൽ ബെവ്‌ക്യു ആപ്പ്ളിക്കേഷന്റെ വരവോടെയും മദ്യശാലകളുടെ പുനരുജ്ജീവനത്തോടെയും കേരളത്തിലെ കുടിയന്മാരുടെ കാര്യത്തിലെന്നപോലെ പോലീസുകാരുടെയും പത്രക്കാരുടെയും ഉന്നമനത്തിനുകൂടി കാരണമായി എന്ന് പറയാതെ വയ്യ. മദ്യശാലകൾ തുറന്നു മണിക്കൂറുകൾക്കിടയിൽ റിപ്പോർട്ട് ചെയ്ത അക്രമങ്ങളും അതിക്രമങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന തിരക്കിൽ മാധ്യമങ്ങളും, അക്രമകാരികളെ പിടിച്ചെടക്കുന്ന തിരക്കിൽ പോലീസ്‌കാരും കൊറോണയുടെ മടുപ്പിൽ നിന്നും വളരെ പെട്ടെന്ന് തന്നെ അവസരത്തിനൊത്തുയരുന്ന കാഴ്ചയായിരുന്നു കണ്ടത്.

ബീവറേജും ബാറും തുറന്നു കുടിയന്മാർ ഉത്സാഹത്തിലായതോടെ ഏകദേശം അറുപതു ദിവസത്തോളം ആകെ വറ്റിവരണ്ടു കിടന്ന മാധ്യമലോകം പൂർവാധികം ഉത്സുകരും കർമ്മനിരതരുമായി  എന്നത് കാണാമായിരുന്നു. പൊതുവെ സമാധാനപ്രിയരായ മലയാളികളെയാണ് ലോക്കഡോൺ കാലത്തുടനീളം കാണാമായിരുന്നതെങ്കിൽ ബാറുകളും ബീവറേജും തുറന്നു മദ്യമൊഴുകാൻ തുടങ്ങിയതോടെ മലയാളിയുടെ അക്രമവാസനയുണർന്നു. മദ്യവില്പന പുനരാരംഭിച്ച ദിവസം തന്നെ ഏകദേശം ആയിരത്തിലധികം റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നുള്ളതുതന്നെ ഇതിനു മകുടോദാഹരണമാണ്. പോരാത്തതിന് നൂറോളം അടിപിടി കേസുകളും മൂന്നു കൊലപാതകങ്ങളും കൂടിയായപ്പോൾ അറുപതു ദിവസത്തെ ലോക്കഡോൺ കൊണ്ട് മലയാളി നേടിയെടുത്ത സൽപ്പേര് ഒറ്റ ദിവസം കൊണ്ട് മാറിക്കിട്ടി. സ്വതവേ സൽപ്പേര് എന്ന ഭരിച്ച ഉത്തരവാദിത്തം കൊണ്ട് നടക്കാനും നിലനിർത്താനും താല്പര്യമില്ലാത്ത കേരളത്തിലെ മദ്യപജനത അവിടം കൊണ്ടൊന്നും തൃപ്തരായില്ല. നാൾക്കുനാൾ മദ്യലഹരിയിലുള്ള അക്രമങ്ങൾ കൂടിക്കൂടി വന്നു എന്ന് മാത്രമല്ല പുറത്തു വരുന്ന പല വർത്തമാനങ്ങളും വെറുപ്പും അറപ്പും ഉളവാക്കുന്നവയാണ് എന്നുള്ളത് പറയാതെ തരമില്ല. ആകെ നിൽക്കകള്ളിയില്ലാതെ കൊറോണക്കാലത്തു മുങ്ങിത്താഴാൻ തുടങ്ങിയ മാധ്യമങ്ങൾക്കു കിട്ടിയ ഒരു കച്ചിത്തുരുമ്പായിരുന്നു - കച്ചിത്തുരുമ്പ് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകുമെന്നാണ് കൊണ്ട്  കരകയറാനുള്ള 'വടം' - തന്നെയായിരുന്നു മദ്യപസുഹൃത്തുക്കൾ ഒരുക്കിക്കൊടുത്ത എന്നതിൽ അവർക്കെല്ലാവർക്കും ഒരേപോലെ ചാരിതാർഥ്യരാവാം.

കൊറോണ മാത്രം കേട്ടും കണ്ടും പറഞ്ഞും തഴമ്പിച്ച മാധ്യമങ്ങൾക്കും സർവോപരി വാർത്താരാധകരായ മലയാളികൾക്കും ചെറുതല്ലാത്ത ശ്രവണസുഖമാണ് സമ്മാനിച്ചത് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല എന്ന് കരുതാം. മലയാളിക്ക് മാന്യമായി ജീവിക്കാനുമറിയാം എന്ന് തെളിയിച്ച അറുപതു നാളുകൾ അപഗ്രഥിച്ചുകൊണ്ട് വരുന്ന സർക്കാരുകളെങ്കിലും ഈ മദ്യപസംസ്കാരത്തിനു ഒരറുതിവരുത്തിയിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു. മദ്യലഹരിയിൽ കൂടുതൽ കൂടുതൽ അക്രമങ്ങളഴിച്ചു വിടാൻ കാത്തിരിക്കുന്ന എല്ലാ മദ്യപസുഹൃത്തുക്കൾക്കും, തരാതരം പോലെ അവരെയൊക്കെ കസ്റ്റഡിയിലെടുത്തു കൊസ്ട്യൻ ചെയ്യാൻ വെമ്പുന്ന പോലീസ്‌കാർക്കും, ഈ വാർത്തമാനങ്ങളൊക്കെ  കോടാനുകോടി ജനങ്ങളിലേക്കെത്തിക്കാൻ കാതുകൂർപ്പിച്ചിരിക്കുന്ന മാധ്യമങ്ങൾക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.

 

(സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും, സ്വതന്ത്ര സാമൂഹിക മനഃശാസ്ത്ര വിദഗ്ദ്ധനുമാണ്   ലേഖകൻ)