ഓണത്തിന് എന്തിനാണ് പത്തു ദിവസങ്ങൾ...

ഓണത്തിന് എന്തിനാണ് പത്തു ദിവസങ്ങൾ...


ഓണത്തിന് എന്തിനാണ് പത്തു ദിവസങ്ങൾ...

1. അത്തം

ഓണാഘോഷം തുടങ്ങുന്നത് ചിങ്ങ മാസത്തിലെ അത്തം നാളിലാണ്. മഹാബലി പാതാളത്തിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര തിരിക്കുന്ന ദിവസമാണ് അത്തം നാൾ എന്നാണ് വിശ്വാസം. അന്ന് ഇടുന്ന പൂക്കളം മഞ്ഞ നിറമുള്ള പൂക്കള്‍ കൊണ്ടുള്ള ചെറിയ പൂക്കളമാണ്.

2. ചിത്തിര

രണ്ടാം നാൾ മുതൽ മഞ്ഞ കൂടാതെ രണ്ടു വ്യത്യസ്ത നിറങ്ങളെക്കൂടി പൂക്കളത്തിൽ ചേർക്കുന്നു. അന്ന് മുതൽ ആളുകൾ ഓണത്തിനു വേണ്ടിയുള്ള വീട്ടു സാധനങ്ങൾ ഒരുക്കി തുടങ്ങുന്നു

3. ചോതി

ചോതി നാളിൽ നാല് മുതൽ അഞ്ചു വരെ നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കുന്നു. ഓണ കോടിയും ആഭരണങ്ങളും വാങ്ങുന്ന ദിനം.

4. വിശാഖം

നാലാം നാളായ വിശാഖം നാളിനെ വളരെ മംഗളകരമായാണ് കണക്കാക്കുന്നത്. പഴയ കാലത്ത് കൊയ്ത്തു വിപണി തുറക്കുന്നത് ഈ ദിവസത്തിലാണ്.

5. അനിഴം

അഞ്ചാം നാളായ അനിഴം നാളിലാണ് കേരളത്തിന്‍റെ പലഭാഗങ്ങളിലും ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് മുന്നോടിയായുള്ള വള്ളം കളികൾ തുടങ്ങുന്നത്.

6. തൃക്കേട്ട

അഞ്ചു മുതൽ ആറു വരെ പൂക്കൾ ഉപയോഗിച്ചാണ് ഈ ദിവസം പൂക്കളം തീർക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ വസിക്കുന്നവർ സ്വന്തം തറവാട്ടിലേക്ക് യാത്ര തിരിച്ചിരുന്നതും ഈ നാളിലാണ്.

7. മൂലം

ഓണ സദ്യയും പുലികളി പോലുള്ള വിനോദ പരിപാടികളും തുടങ്ങുന്നത് ഈ ദിവസത്തിലാണ്. പ്രധാന അമ്പലങ്ങളിൽ എല്ലാം ഈ ദിവസം മുതൽ സദ്യ നല്കി തുടങ്ങുന്നു.

8. പൂരാടം

മഹാബലിയുടെയും, വമനനന്‍റേയും സങ്കല്പ രൂപങ്ങള വീടിനു ചുറ്റും പ്രദക്ഷിണമായി കൊണ്ട് വന്നു അത്തപ്പൂക്കളത്തിന്‍റെ നടുവിൽ വച്ച് അതിൽ അരിമാവ് കൊണ്ട് ലായനി ഉണ്ടാക്കി അതിൽ പുരട്ടുന്നു ഇത് കൊച്ചു കുട്ടികൾ ആണ് ചെയ്യുന്നത് (ലേപനം ചെയ്യുന്നത്) ഇവരെ പൂരാട ഉണ്ണികൾ എന്ന് വിളിക്കുന്നു. ഈ രൂപം ഓണത്തപ്പൻ എന്നറിയപ്പെടുന്നു.

9. ഉത്രാടം

ഒൻപതാം നാളാണ് ഉത്രാട ദിനം. ഓണത്തിന്‍റെ അവസാന ഘട്ട ഒരുക്കത്തിനായി ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. ഉത്രാട ദിനത്തെ ഒന്നാം ഓണം എന്നും പറയപ്പെടുന്നു. അന്ന് മിക്ക ഭവനങ്ങളിലും ചെറിയ രീതിയിലുള്ള സദ്യ ഒരുക്കുന്നു.

10. തിരുവോണം

അത്തം തുടങ്ങി പത്താം നാൾ ആണ് തിരുവോണം. തിരുവോണപ്പുലരിയിൽ കുളിച്ചു കോടി വസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്‍റെ സങ്കൽപ്പരൂപത്തിന്‌ മുന്നിൽ മാവ്‌ ഒഴിച്ച്‌, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന്‌ അട നിവേദിക്കുകയും ചെയ്യുന്നു