ക്യാമറ കണ്ണുകളിൽ വിരിയുന്ന പ്രകൃതി

ജോലിക്കിടയിൽ ലഭിക്കുന്ന ഒഴിവ് സമയങ്ങളിൽ തന്റെ ക്യാമറയുമായി ലിജു ഇറങ്ങും, തന്നെ വിളിക്കുന്ന പ്രകൃതിയിലേക്ക്

ക്യാമറ കണ്ണുകളിൽ  വിരിയുന്ന പ്രകൃതി


പ്രകൃതി എന്നത് ഒരു വിസ്മയമാണ് , ഇന്നും.. എന്നും. കണ്ണിനും കാതിനും കുളിർമ നൽകുന്ന പ്രകൃതിയുടെ കാഴ്ചകളെ കാണുവാൻ നമുക്ക് പലപ്പോഴും കഴിയുന്നില്ല. അങ്ങനെ നാം ശ്രദ്ധിക്കാതെ പോകുന്ന കാഴ്ചകൾ നമുക്ക് മുന്നിലെത്തിക്കുന്നതിൽ ഫോട്ടോഗ്രാഫർമാർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രകൃതിയുടെ, കണ്ണിനു ആനന്ദം പകരുന്ന മനോഹര ചിത്രങ്ങളെ മികവോടെ ഒപ്പിയെടുത്ത് എല്ലാവരുടെയും ശ്രദ്ധ നേടുകയാണ്, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ലിജുച്ചൻ എന്ന ലിജു.

കൊല്ലം ചാത്തന്നൂർ അടുതല സ്വദേശിയായ ലിജു, കോഴിക്കോട് Ample Space Construction കമ്പനിയിൽ സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനോടൊപ്പം പ്രകൃതിയുടെ അവിസ്മരണീയ കാഴ്ചകളിലേക്കും സഞ്ചരിക്കുന്നു. ജോലിക്കിടയിൽ ലഭിക്കുന്ന ഒഴിവ് സമയങ്ങളിൽ തന്റെ ക്യാമറയുമായി ലിജു ഇറങ്ങും, തന്നെ വിളിക്കുന്ന പ്രകൃതിയിലേക്ക്. ഇത്രയും കാലത്തിനിടയ്ക്ക് പ്രകൃതി തന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ലെന്നു ലിജുവിന്റെ വാക്കുകൾ. ഈ വാക്കുകളിൽ തെളിഞ്ഞു കാണാം പ്രകൃതിയും ഒരു ഫോട്ടോഗ്രാഫറും തമ്മിലുള്ള അഭേദ്യമായ ബന്ധം.

          
          മുൻപ് വയനാട്ടിൽ ജോലി ചെയ്തിരുന്ന ലിജു ഇപ്പോൾ കോഴിക്കോട് ആണ്. ജോലിയോട് ബന്ധപ്പെട്ടും അല്ലാതെയും യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ കാഴ്ചകൾ മുഴുവൻ ഈ യുവ ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ ഭദ്രമാണ്. ഒരുപാട് നേരത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ലഭിക്കുന്ന ഒരു പിടി നല്ല ചിത്രങ്ങൾക്ക് പ്രോത്സാഹനമാകുന്നത് ഒരു കൂട്ടം ആസ്വാദകരുടെ സ്നേഹവും പിന്നെ സർട്ടിഫിക്കറ്റുകളിലൂടെയും അവാർഡുകളിലൂടെയും കിട്ടുന്ന അംഗീകാരവുമാണ് എന്ന് ലിജു മനസ്സിൽ തട്ടി പറയുന്നു. കൊറോണ മാറിക്കഴിയുമ്പോൾ  ഇന്ത്യയിലെ പ്രധാന ടൈഗർ റിസേർവുകളിൽ ഒന്നായ കബനിയിലെ നാഗർഹോളെ ദേശിയോദ്യനത്തിൽ കടുവകളുടെ ചിത്രങ്ങൾ എടുക്കാൻ പോകാൻ ആഗ്രഹിച്ചിരിക്കുകയാണ് ലിജു.

ഫോട്ടോഗ്രാഫർമാരുടെ സ്വപ്നഭൂമിയായ മസായി മാറ എന്ന തന്റെ വലിയ സ്വപ്നം പൂർത്തീകരിക്കാൻ ഉള്ള പ്രയത്നത്തിലാണ് വളർന്നു വരുന്ന ഈ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. ഒട്ടും സമയം കളയാതെ പ്രകൃതിയുടെ ഉൾകാഴ്ചകളിലേക്ക് ക്യാമറ ചലിപ്പിക്കുകയാണ് ഈ ചെറുപ്പക്കാരൻ. തിരക്കു പിടിച്ച ഇന്നത്തെ തലമുറകൾക്ക് ഇടയിൽ തന്റെ മികവ് കൊണ്ട് വ്യത്യസ്തത പുലർത്തുകയാണ് ലിജുച്ചൻ എന്ന ലിജു. കാഴ്ചയുടെ മായാ വർണ്ണങ്ങൾ തീർത്ത് പ്രകൃതിയും ഒപ്പമുണ്ട്

" Photography Helps People to see "

പ്രകൃതി എന്ന തണലിനെ ഇല്ലായ്മ ചെയ്യുന്ന മനുഷ്യർക്കിടയിൽ പ്രകൃതിയെ സ്നേഹിക്കുന്ന ലിജുവിനെപ്പോലെ ഉള്ള ഫോട്ടോഗ്രാഫർമർ ഉയർന്നു വരട്ടെ എന്ന് ആശംസിക്കുന്നു.


ചിത്രങ്ങൾ -  ലിജു രാജു 
എഴുത്ത് - സ്റ്റാർലി ജോസഫ്