തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 25-ന് മുന്‍പ് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 4,19,554 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഒന്ന്, പ്രീപ്രൈമറി ക്ലാസുകളിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ബോയ്സ് എല്‍.പി സ്‌കൂളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മറ്റ് മന്ത്രിമാര്‍ അതാത് ജില്ലകളില്‍ പങ്കെടുക്കും. പ്രാദേശികതലത്തില്‍ പ്രവേശനോത്സവം ഭംഗിയാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണ്. ഈ വര്‍ഷം അക്കാദമിക മികവില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ കൂടുതല്‍ ശ്രദ്ധനല്‍കുമെന്നും സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്നും മന്ത്രി അറിയിച്ചു