ലാഗോസ്: ബസിലേക്ക് ട്രെയിൻ ഇടിച്ച് കയറി ആറ് മരണം. നൈജീരിയയുടെ സാമ്പത്തിക തലസ്ഥാനമായ ലാഗോസിലാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ട്രെയിൻ അടുക്കുന്നുവെന്ന മുന്നറിയിപ്പ് സിഗ്നൽ അവഗണിച്ച് ബസ് ഡ്രൈവർ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ നാല് സ്ത്രീകളും രണ്ട് പുരുഷൻമാരും ഉൾപ്പെടുന്നു.
അപകടത്തിൽ കുറഞ്ഞത് 74 പേർക്ക് പരിക്കേറ്റതായും ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും നാഷണൽ എമർജൻസി ഡിപ്പാർട്ട്മെന്‍റിലെ ഉദ്യോഗസ്ഥൻ ഇബ്രാഹിം ഫരിൻലോയി പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഇബ്രാഹിം കൂട്ടിച്ചേർത്തു. ട്രെയിനിലും ബസിലും കുടുങ്ങിയവരെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ബസിന്‍റെ മുൻഭാഗം ട്രെയിനിൽ ഇടിച്ച് തകർന്ന നിലയിലായിരുന്നു. ബസിന്‍റെ മധ്യ ഭാഗത്തായാണ് ട്രെയിന്‍ ഇടിച്ച് കയറിയത്. ബസ്സുമായി വളരെ ദൂരം പോയ ശേഷമാണ് ട്രെയിൻ നിർത്തിയത്.
ഇജോക്കോയില്‍ നിന്ന് ഓഗണിലേക്കുള്ള ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. അപകടത്തിന് ശേഷം ട്രാക്കിലും പരിസരത്തും ചിതറിക്കിടന്ന ട്രെയിനിന്‍റെയും ബസിന്‍റെയും ഭാഗങ്ങൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നീക്കം ചെയ്തത്. തകർന്ന റോഡുകളിൽ അശ്രദ്ധമായി വാഹനമോടിക്കുന്നതും അമിത വേഗതയും നൈജീരിയയിൽ സാധാരണമാണ്.